കൊച്ചി : കൊച്ചി പോണേക്കരയില്‍ ട്യൂഷന്‍ ക്ലാസിലേക്ക് പോയ സഹോദരിമാരെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഇന്നലെ വൈകിട്ടാണ് സംഭവം. മിഠായി നല്‍കിയ ശേഷം അഞ്ച് വയസുകാരിയെ കാറിലേക്ക് വലിച്ച് കയറ്റാനായിരുന്നു ശ്രമം. കുട്ടികള്‍ ഓടി തൊട്ടടുത്ത വീട്ടിലേക്ക് കയറിയതോടെ കാറിലുണ്ടായിരുന്ന സംഘം കടന്നു കളഞ്ഞു. കാറില്‍ ഒരു സ്ത്രീ അടക്കം ഉണ്ടായിരുന്നതായി കുട്ടികള്‍ പറഞ്ഞു. എനിക്ക് തന്ന മിഠായി ഞാന്‍ വാങ്ങിച്ചില്ല. സഹോദരിയുടെ കൈയിലുള്ളത് വാങ്ങിച്ച് തോട്ടിലേക്കെറിയാന്‍ പോയപ്പോള്‍ അവളെ കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചു. അപ്പോള്‍ അവള്‍ കരഞ്ഞു – കുട്ടി പറഞ്ഞു.
ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച തട്ടിക്കൊണ്ട് പോകല്‍ ശ്രമം നടന്നത്. പോണേക്കര സ്വദേശിനികളായ അഞ്ചും, ആറും വയസുളള കുട്ടികള്‍ തൊട്ടടുത്തുള്ള ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് ഒരു കാര്‍ കുട്ടികളുടെ അടുത്ത് എത്തിയത്. കാറിനുള്ളില്‍ നിന്ന് കുട്ടികളുടെ നേരെ മിഠായി നീട്ടി. ഇളയ കുട്ടിയെ കൈയ്യില്‍ പിടിച്ച് കാറിലേക്ക് കയറ്റാനുള്ള ശ്രമം ഉണ്ടായതോടെ കുട്ടികള്‍ ഓടി. ട്യൂഷന്‍സെന്ററിലെത്തിയ കുട്ടികള്‍ വിവരം അധ്യാപികയോട് പറഞ്ഞു. വിവരം അറിഞ്ഞ കൗണ്‍സിലര്‍ എളമക്കര പോലീസില്‍ വിവരം അറിയിച്ചു. രണ്ട് ദിവസമായി ഇതേ കാര്‍ റോഡരികില്‍ കിടന്നിരുന്നതായി കുട്ടിയുടെ അമ്മൂമ്മ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.