ലഖ്നൗ : ജാർഖണ്ഡിൽ ജഡ്ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിലും ജഡ്ജിക്ക് നേരെ വധശ്രമം. ഫത്തേപുർ ജില്ലാസെഷൻസ് കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രയാഗ് രാജിൽ നിന്ന് ഫത്തേപുരിലേക്ക് മടങ്ങിവരികയായിരുന്ന ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാന്റെ വാഹനത്തിൽ അമിതവേഗതയിലെത്തിയ ഇന്നോവ കാർ ഇടിച്ചുകയറ്റുകയായിരുന്നു. മുഹമ്മദ് അഹമ്മദ് ഖാൻ ഇരുന്ന വശത്തേക്ക് അക്രമി നിരവധി തവണ വാഹനമിടിച്ച് കയറ്റാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.
നിസ്സാര പരിക്കുകളോടെ മുഹമ്മദ് ഖാൻ രക്ഷപ്പെട്ടു. മുഹമ്മദ് ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിന്നീട് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കോഖ്രാജ് പ്രദേശത്ത് വെച്ചാണ് വധശ്രമമുണ്ടായത്. സംഭവത്തിൽ ജഡ്ജ് കോഖ്രാജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാളോടിച്ചിരുന്ന കാർ പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.