ചുങ്കപ്പാറ: ബന്ധുവിനെ തോക്ക് ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചുങ്കപ്പാറ മണ്ണിൽപടി മണ്ണിൽ പുത്തൻവീട്ടിൽ റോബിൻ കോശി(42)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പെട്ടി പോലീസാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബന്ധുവായ കോശി തോമസിനെ കാറിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി അസഭ്യം പറയുകയും നാടൻ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും വെടിവയ്ക്കുകയുമായിരുന്നു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആണ് പോലീസിനെ വിവരം അറിയിച്ചത്.
സ്ഥലത്തെത്തിയ പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സോണിമോൻ ജോസഫ്, വിജയൻ, രാം പ്രകാശ് എന്നിവർ സമീപസ്ഥലങ്ങളിൽ വിശദമായ പരിശോധന നടത്തി തോക്ക് കണ്ടെടുക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. തുടർന്ന്, റോബിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ആറ് തിരകൾ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഫോറൻസിക് ടീമിന്റെ സഹായത്തോടെ തെളിവ് ശേഖരിക്കുകയും, വീട്ടിൽ കൂടുതൽ പരിശോധന നടത്തുകയും ചെയ്തു. ചോദ്യം ചെയ്യലിനുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.