തിരുവനന്തപുരം : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനുവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് 24 മണിക്കൂറുകൾക്കിടെ കൊല്ലപ്പെട്ടത്. കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയും എസ്ഡിപിഐയും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
‘പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കളാണ് എസ്ഡിപിഐയും ബിജെപിയും. അവർ തമ്മിൽ വർഗീയമായ ചേരിതിരിവുണ്ടാക്കാനുള്ള കൊലപാതകമാണ് ആലപ്പുഴയിൽ കഴിഞ്ഞ മണിക്കൂറുകളിലുണ്ടായത്. സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണിപ്പോൾ നടക്കുന്നത്. സോഷ്യൽ എഞ്ചിനീയറിങ് എന്ന പേരിൽ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനങ്ങളുടെ ബാക്കി പത്രമാണ് കൊലപാതകങ്ങൾ’. കേരളത്തിന് കേട്ട് കേൾവി പോലുമില്ലാത്ത സംഭവങ്ങളാണിതെല്ലാം. ഇത്തരം നീക്കങ്ങളെ ചെറുക്കാൻ സർക്കാർ കാര്യക്ഷമമായ നടപടി എടുക്കുമെങ്കിൽ പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.