തൃശൂർ : തിയറ്ററിനുള്ളില്‍ സിനിമ കണ്ടുകൊണ്ടിരിക്കവെ പോക്കറ്റടിക്കാന്‍ ശ്രമം നടത്തിയത് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് മാരകമായി പരിക്കേൽപിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും. തമിഴ്നാട് തൃശിനാപ്പിള്ളി ആലപ്പെട്ടി റോഡില്‍ അറുമുഖനെയാണ് തൃശൂർ പ്രിന്‍സിപ്പല്‍ അസിസ്റ്റന്‍റ്
സെഷന്‍സ് ജഡ്ജി എം.കെ. ഗണേഷ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടി വരും.
2013 ജൂലൈ 12ന് തൃശൂര്‍ നഗരത്തിലെ ജോസ് തിയറ്ററില്‍ സെക്കൻഡ് ഷോ നടക്കുന്നതിനിടെ രാത്രി 10.15നാണ് കേസിനാസ്പദമായ സംഭവം. കൂര്‍ക്കഞ്ചേരി വടൂക്കര ദേശത്ത് ആനാപ്പുഴ വീട്ടില്‍ നീരജിന്റെ (30) പോക്കറ്റടിക്കാന്‍ പ്രതി ശ്രമിക്കുമ്പോള്‍ ഇത് തടഞ്ഞ് ചോദ്യം ചെയ്തപ്പോഴാണ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവേൽപിച്ചത്. നീരജിനെ ഉടൻ ആശുപത്രിയിലെത്തിച്ച് മുറിവില്‍ തുന്നലിട്ടിരുന്നു.
വിവരമറിഞ്ഞ തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേഹപരിശോധനയില്‍ ബ്ലേഡ് കണ്ടെടുത്തിരുന്നു. തൃശൂര്‍ ഈസ്റ്റ് എസ്.ഐയായ ലാല്‍കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഒമ്പത് സാക്ഷികളെ വിസ്തരിക്കുകയും ഏഴ് രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസ് ഹാജരായി.