കോന്നി : കോന്നി വട്ടക്കാവിൽ മൂന്നിടങ്ങളിൽ മോഷണശ്രമം. വീടിന്റെ കതകുകൾ കുത്തിത്തുറന്ന് മോഷ്ടാവ് മൂന്നു വീടുകളുടെ ഉള്ളിൽ പ്രവേശിച്ചെങ്കിലും മോഷണം നടത്താൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം പുലർച്ചയാണ് വട്ടക്കാവ് തോട്ടിറമ്പിൽ വീട്ടിൽ ടി ജി ജോൺ, ബിന്ദു ഭവൻ ബിനു കുമാർ, കുറ്റിവച്ച കാലായിൽ കെ വി മാത്യു എന്നിവരുടെ വീടുകളിൽ മോഷണ ശ്രമം നടന്നത്. രാത്രി രണ്ടു മണിയോടെയാണ് ടി ജി ജോണിന്റെ വീട്ടിൽ മോഷണശ്രമം നടന്നത്. വീടിന്റെ അടുക്കളയുടെ കതക് കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപെ ട്ടിരുന്നു. രാത്രി ഒരുമണിക്കും ഒന്നരയ്ക്ക് ഇടയിലായാണ് ബിന്ദു ഭവൻ ബിനു കുമാറിനെ വീട്ടിൽ മോഷണശ്രമം നടന്നത്.
ബിനുവിന്റെ ഭാര്യ ബിന്ദുവും മകന് അഭിജിത്തും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ മുൻവശത്തെ കതക് കുത്തി തുറന്ന് അകത്ത് കടന്ന് മോഷ്ടാവ് വീട്ടുകാർ കിടന്നിരുന്ന മുറിയുടെ പൂട്ട് കുറ്റി പെൻസിൽ ഉപയോഗിച്ച് പൂട്ടിയ ശേഷമാണ് മോഷണശ്രമം നടത്തിയത്. മുറിക്കുള്ളിലെ മേശവിരിപ്പും തുറന്നിട്ടുണ്ട്. കുറ്റിവച്ച കാലായിൽ കെ വി മാത്യുവിന്റെ വീട്ടിലും മോഷണ ശ്രമം ഉണ്ടായി. വീടിന്റെ ഗ്രില്ലിന്റെ പൂട്ട് തകർത്ത ശേഷം അകത്തു കടന്ന കള്ളൻ മുൻ ഭാഗത്തെ കതക് കുത്തിപ്പൊളിച്ച് അകത്ത് പ്രവേശിച്ചു. അലമാര അടക്കമുള്ള സാധനങ്ങൾ കള്ളൻ കുത്തി പൊളിച്ചിട്ടുണ്ട്. അടയാളവിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു വർഷം മുൻപും വട്ടക്കാവിൽ സമാനമായ രീതിയിൽ മോഷണം നടക്കുകയും വീടിനുള്ളിൽ നിന്നും പണം അപഹരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പ്രതികളെ പിടികൂടുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. ഈ വിഷയം കോന്നി താലൂക്ക് വികസന സമിതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.