ബംഗളൂരു : ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം നിർവ്വഹിച്ചത് അറ്റൻഡർ. ചിക്കബെല്ലാപുര കോടതിയിലാണ് അറ്റൻഡർ ജയരാജ് തിമോത്തിയ ഉദ്ഘാടകനായത്. മുഖ്യാതിഥിയായി എത്തിയ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസയായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മുതിർന്ന അറ്റൻഡറായ ജയരാജ് തിമോത്തിയെ ഉദ്ഘാടനം ചെയ്യാൻ ചീഫ് ജസ്റ്റിസ് ക്ഷണിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എന്നോട് റിബൺ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് ജയരാജ് സംഭവത്തെക്കുറിച്ച് പറയുന്നത്.
ജയരാജിനെ മാത്രമല്ല ചീഫ് ജസ്റ്റിസിന്റെ അപ്രതീക്ഷിത നീക്കം അവിടെ എത്തിച്ചേർന്ന എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. ജീവനക്കാരും ജുഡീഷ്യറിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നാണ് മിക്കവരും വിലയിരുത്തിയത്. മെഡിക്കൽ എഡ്യൂക്കേഷൻ മിനിസ്റ്ററും ചിക്കബെല്ലാപുര എംഎൽഎയുമായി കെ. സുധാകറും ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ പ്രവർത്തിയെ പ്രശംസയോടാണ് എല്ലാവരും സ്വീകരിച്ചത്.
12 വര്‍ഷമായി ചിക്കബെല്ലാപുര കോടതിയില്‍ ജോലി ചെയ്യുകയാണ് ജയരാജ്. ചീഫ് ജസ്റ്റിസിന്റെ മുന്നില്‍വെച്ച് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമ്പരന്നുപോയി എന്നാണ് ജയരാജ് പറയുന്നത്. സന്തോഷമുണ്ടെന്നും ഈ വര്‍ഷം വിരമിക്കുന്നതിനാലാണ് തന്നോട് ഉദ്ഘാടനം നടത്താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.