കാക്കനാട് : തൃക്കാക്കര നഗരസഭയുടെ വരുമാനത്തില്‍നിന്ന് 7.50 കോടി രൂപ കാണാനില്ല. ഇത്രയും തുകയ്ക്കുള്ള ചെക്കുകള്‍ സ്വീകരിച്ചതിന് തെളിവ് ഉണ്ട് പക്ഷേ തുക പണമായി അക്കൗണ്ടില്‍ കയറിയിട്ടില്ല. ഇതെങ്ങോട്ട് പോയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവുമില്ല. ജില്ലാ ഓഡിറ്റ് വകുപ്പിന്റെ 2023-2024-ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ക്രമക്കേട്. നഗരസഭയിലേക്ക് ലഭിച്ച 361 ചെക്കുകളില്‍നിന്നുള്ള 7,50,62,050 രൂപ നഗരസഭാ ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നാണ് ഓഡിറ്റ് വകുപ്പിന്റെ കണ്ടെത്തല്‍. നികുതി, ഫീസ് തുടങ്ങി ചെക്കുകളില്‍ നിന്നുള്ള പണമാണിത്. എന്നാല്‍ ചെക്കുകളില്‍നിന്ന് പണം എങ്ങോട്ടുപോയി എന്നതിനെക്കുറിച്ച് നഗരസഭാ അധികൃതര്‍ ഗൗരവമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2023-24 സാമ്പത്തികവര്‍ഷം മാത്രം വരുമാനമായി ലഭിച്ച 137 ചെക്കുകള്‍ പണമായി അക്കൗണ്ടില്‍ എത്തിയിട്ടില്ല. വീടുകളുടെയും സ്ഥാപനങ്ങളുടെയും നികുതിത്തുകകള്‍ ചെക്കായി നഗരസഭ കൈപ്പറ്റിയിട്ടുണ്ട്. ഇതിന് രസീതും നല്‍കിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 2021 മുതല്‍ കളക്ഷന് നല്‍കിയ കുറെ ചെക്കുകളും ഇതുവരെ പണമായി അക്കൗണ്ടില്‍ ക്രെഡിറ്റായിട്ടില്ലെന്നും ഓഡിറ്റില്‍ പറയുന്നു. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും വേണ്ടത്ര ജാഗ്രതയോടെ അന്വേഷണം നടത്താനും അധികൃതര്‍ തയ്യാറായിട്ടില്ലത്രെ. ഇതേ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ച പല സ്ഥാപനങ്ങളും ഇപ്പോഴും ലൈസന്‍സ് ഇല്ലാതെ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു.