കഠ്മണ്ഡു : നേപ്പാളിൽ സർവകക്ഷി ദേശീയ സർക്കാരുണ്ടാക്കി തെരഞ്ഞെടുപ്പു നടത്താൻ സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി കെ.പി. ശർമ ഓലി. ന്യൂനപക്ഷ സർക്കാരിനെ നയിക്കുന്ന ഓലിയുടെ അഭ്യർഥനയെ തുടർന്ന് പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി പാർലമെന്റ് പിരിച്ചുവിട്ട് നവംബർ 12നും 19നുമായി തെരഞ്ഞെടുപ്പു നടത്താൻ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ കഴിഞ്ഞ ഡിസംബറിൽ പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിടുകയും സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 23ന് പുനഃസ്ഥാപിക്കുകയും ചെയ്തെങ്കിലും വീണ്ടും സർക്കാരുണ്ടാക്കിയ ഓലിക്ക് ഭൂരിപക്ഷം നേടാനായില്ല. പ്രവർത്തിക്കാത്ത പാർലമെന്റ് രാജ്യത്തിന്റെ അസ്ഥിരതയ്ക്കേ ഉതകൂ എന്ന് ഓലി പറഞ്ഞു.
ഇതേസമയം പാർലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജികളിൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് സി.എസ്.റാണ ഉൾപ്പെടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ഹർജികളിൽ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് വാദം കേട്ടശേഷം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.