പത്തനംതിട്ട : തട്ടിപ്പിനുള്ള തയ്യാറെടുപ്പ് വര്‍ഷങ്ങള്‍ക്കു മുന്‍പേ … പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നില്‍ നടന്നത് വന്‍ ഗുഢാലോചന. നിക്ഷേപകരെ പറ്റിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. ഒരു കുടുംബം മൊത്തം ഒന്നിച്ചു നിന്നു ജനങ്ങളെ വ്യാജ രേഖകള്‍ നല്‍കി തട്ടിപ്പു നടത്തുകയായിരുന്നുവെന്നാണ് നിക്ഷേപകര്‍ക്കു നല്‍കിയ രേഖകളില്‍ നിന്നു പുറത്തുവരുന്നത്. രണ്ടു വര്‍ഷത്തിലധികം മുമ്പേ കമ്പനി തട്ടിപ്പു തുടങ്ങിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 12 ശതമാനം പലിശ ലഭിക്കുമെന്നാണ് നിക്ഷേപകരോട് പറഞ്ഞിരുന്നതെങ്കിലും രസീതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് സ്‌കീം എന്നാണ്.
നിക്ഷേപകര്‍ക്കു സംശയം തോന്നാതിരിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പുവരെ പലിശയും കൃത്യമായി നല്‍കിയിരുന്നു. ഇതു കിട്ടിയിരുന്ന നിക്ഷേപകര്‍ തങ്ങള്‍ ചതിയില്‍ പെട്ടു എന്നറിഞ്ഞത് പത്തനംതിട്ട മീഡിയ ഓണ്‍ ലൈന്‍ ചാനലിലൂടെ തട്ടിപ്പ് പുറത്തുവന്നതോടെയാണ്. നിക്ഷേപകര്‍ക്കു നല്‍കിയ രേഖകള്‍ അനുസരിച്ച് ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും നിക്ഷപകന്‍ തന്നെ സഹിക്കണം. 12 ശതമാനം ഓഹരി ലാഭ വിഹിതം മാത്രമാണ് നല്‍കാമെന്നാണ് കമ്പിനി പറഞ്ഞതെന്നു രേഖകള്‍ സൂചിപ്പിക്കുന്നു. ഇങ്ങനെ ഒരു രേഖ നിലനില്‍ക്കുമ്പോള്‍ കോടതി നടപടികളിലേയ്ക്കു ഇറങ്ങുന്ന നിക്ഷേപകര്‍ക്ക് സ്വയം പണി ഏറ്റു വാങ്ങേണ്ടി വരും, ആ രീതിയിലാണ് രേഖകള്‍ നല്‍കിയിരിക്കുന്നത്. കോടികള്‍ യാതൊരു രേഖയുമില്ലാതെ നിക്ഷേപിച്ചവര്‍ ഇതോടെ കൂടുതല്‍ കുടുക്കിലാകും.
ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ പേപ്പറില്‍ മാത്രം ഒതുങ്ങുന്ന എട്ടു കമ്പിനികളാണ് പോപ്പുലര്‍ ഫിനാന്‍സ് തുടങ്ങിയത്. പോപ്പുലര്‍ ട്രേഡേഴ്സ്, മൈ പോപ്പുലര്‍ മറൈന്‍ പ്രൊഡക്റ്റ്സ്, വകയാര്‍ ലാബ്സ്, മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ് എന്നിങ്ങനെയുള്ളതാണ് പല കമ്പിനികളും. ഇതിലേക്കാണ് നിക്ഷേപകരെ ഓഹരി നല്‍കി ചേര്‍ത്തത്. ചില ബിനാമി നിക്ഷേപകര്‍ക്ക് ഇത്തരം ചില അഡ്ജസ്റ്റ്മെന്റ് അറിയാമായിരുന്നെങ്കിലും തട്ടിപ്പ് നടത്തുമെന്ന പ്രതീക്ഷയില്ലായിരുന്നു.
പലിശ കൃത്യമായി കിട്ടിയിരുന്നതോടെ അവര്‍ മാനേജ്മന്റ് പറഞ്ഞതും പൂര്‍ണമായി വിശ്വസിച്ചിരുന്നു. അതേസമയം ഈ വിശ്വാസ്യത മുതലെടുത്തായിരുന്നു തട്ടിപ്പിന് കമ്പിനി തയ്യാറെടുത്തത്. വന്‍ ഗൂഢാലോചനയാണ് ഈ തട്ടിപ്പിനു പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കടലാസു കമ്പിനികള്‍ രൂപീകരിച്ചതിനു പിന്നാലെ തന്നെ തട്ടിപ്പും തുടങ്ങിയിരുന്നു. ഇവിടെ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ഓസ്ട്രേലിയയില്‍ ചില സംരംഭങ്ങള്‍ റോയി ഡാനിയേലിന്റെ മക്കള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ കേസില്‍ അറസ്റ്റിലായ റോയിയുടെ രണ്ടു മക്കള്‍ക്കും ഓസ്ട്രേലിയന്‍ പൗരത്വമാണുള്ളത്.