തൃശൂര്‍ : പ്രശസ്ത ബാലസാഹിത്യകാരി സുമംഗല(88) അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6.05 മണിയോടെ വടക്കാഞ്ചേരിയിലെ മകന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കുട്ടികള്‍ക്കായി നിരവധി കഥകളും ലഘു നോവലുകളും രചിച്ചു.
‘നടന്ന് തീരാത്ത വഴികള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മലയാള ബാലസാഹിത്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എഴുത്തുകാരിലൊരാളാണ് സുമംഗല എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചു.
സംസ്‌കാരം ബുധനാഴ്ച രാവിലെ 11മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍. സുമംഗലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യ കൃതികള്‍ ലളിതവും ശുദ്ധവുമായ ഭാഷയില്‍ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവര്‍ എന്നും എഴുത്തില്‍ നിലനിര്‍ത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ധാരാളം പുരാണ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണ്. പുരാണേതിഹാസങ്ങളിലേക്ക് ബാല മനസ്സുകള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്ന ധര്‍മമാണ് അവര്‍ പ്രധാനമായും നിര്‍വഹിച്ചത്. മിഠായിപ്പൊതി പോലുള്ള കൃതികളുമായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവര്‍ അനായാസേന കടന്നുചെന്നു. വിപുലമായ വായനയുടെ സംസ്‌കാരം അവരുടെ കൃതികളിലാകെ പ്രതിഫലിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.