കോന്നി : കോന്നിയുടെ മലയോര മേഖലയിൽ രൂക്ഷമായിട്ടുള്ള വന്യജീവി ആക്രമണം തടയാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്‌ഡിപിഐ ജില്ലാ ട്രഷറർ ഷാജി കോന്നി ആവശ്യപ്പെട്ടു. കോന്നി മണ്ഡലത്തിലെ കുമ്മണ്ണൂർ, ചിറ്റാർ, തണ്ണിത്തോട് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലാണ് വന്യജീവി ആക്രമണം രൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തുടരുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച പോകുന്നതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്നും വന്യജീവി ആക്രമണം തടയാനുള്ള ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ല.
ചിറ്റാര്‍ 86, പള്ളിപ്പടി, ആങ്ങമൂഴി, സീതത്തോട്, കുമ്മണ്ണൂർ താന്നിമൂട്ടിൽ, നെടിയകാല പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായത്. തെങ്ങ്, കവുങ്ങ്, വാഴ ഉൾപ്പെടെ ഇവിടെ വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചിട്ടുണ്ട്. കാട്ടാനയ്ക്ക് പുറമേ മ്ലാവ്, പന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളും ജനജീവന് ഭീഷണിയാവുകയാണ്. കാർഷികവിളകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുവാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുവാനും അധികൃതർ തയ്യാറാവണം. വന്യജീവികൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുവാൻ വനാതിർത്തിയിൽ കിടങ്ങുകളും സംരക്ഷണവേലികളും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.