ലോകത്തിലെ തന്നെ മോട്ടോർസൈക്കിൾ വിപണിയിൽ ഏറ്റവും ജനപ്രിയമായ ബ്രാന്റുകളിലൊന്നാണ് ഹാർലി ഡേവിഡ്സൺ. ഹാർലിയുടെ ബൈക്കുകൾ ഇതുവരെ പണക്കാർക്ക് മാത്രം സ്വന്തമാക്കാവുന്ന ഒന്നായിരുന്നു. എന്നാൽ ഹീറോയുമായി ചേർന്ന് ഇന്ത്യൻ വിപണിയിൽ വില കുറഞ്ഞൊരു ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഹാർലി ഡേവിഡ്സൺ എക്സ്440 (Harley-Davidson X440) എന്ന മോഡലാണ് കമ്പനി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ഈ ബൈക്ക് ജൂലൈ 3ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ലോഞ്ച് അടുത്തതോടെ ഹാർലി ഡേവിഡ്സൺ എക്സ്440 മോട്ടോർസൈക്കിളിന്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്ത് വിടുന്നുണ്ട്. നേരത്തെ തന്നെ ബൈക്കിന്റെ ഫോട്ടോകൾ പുറത്ത് വിട്ടിരുന്നു. ഹാർലി ഡേവിഡ്സൺ എക്സ്440യുടെ എക്സ്ഹോസ്റ്റ് നോട്ടാണ് ഇപ്പോൾ കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഈ വാഹനത്തിന്റെ ശബ്ദം എങ്ങനെയുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയത്. മറ്റെല്ലാ ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിളുകളെയും പോലെ വളരെ മനോഹരമായ എക്സ്ഹോസ്റ്റ് നോട്ടാണ് ഹാർലി ഡേവിഡ്സൺ എക്സ്440യിലും ഉള്ളത്.
ഹാർലി ഡേവിഡ്സൺ എക്സ്440യിൽ ഉള്ള തമ്പിങ് എക്‌സ്‌ഹോസ്റ്റ് നോട്ട് റെട്രോ മോട്ടോർസൈക്കിൾ ആരാധകരെ ആകർഷിക്കുന്നതാണ്. റോയൽ എൻഫീൽഡ് ബൈക്കുകൾ ഉപയോഗിക്കുന്നവരെയും വാങ്ങാൻ ആഗ്രഹിക്കുന്നവരെയും പോലും ഹാർലി ഡേവിഡ്സൺ എക്സ്440യിലേക്ക് ആകർഷിക്കുന്ന ശബ്ദമാണ് ഈ ബൈക്കിലുള്ളത്. റോയൽ എൻഫീൽഡ് ക്ലാസിക് 350യുമായിട്ടായിരിക്കും ഹാർലി ഡേവിഡ്സൺ എക്സ്440 മത്സരിക്കുന്നത്. ഈ വിഭാഗത്തിലെ റോയൽ എൻഫീൽഡ് ആധിപത്യം തകർക്കുക എന്നതാണ് ഹീറോയുടെയും ഹാർലി ഡേവിഡ്സന്റെയും ലക്ഷ്യം. ഹാർലി ഡേവിഡ്സൺ എക്സ്440 മോട്ടോർസൈക്കിളിൽ 440 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കും ഉണ്ടായിരിക്കുക. ഇത് ഏകദേശം 38 പിഎസ് പവറും 30 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഹാർലി ഡേവിഡ്സൺ എക്സ്440 വരുന്നത്. ഓൾ-എൽഇഡി ലൈറ്റിങ്, ഹെഡ്‌ലാമ്പിൽ മൈനസ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, സിംഗിൾ-പോഡ് ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അലോയ് വീലുകൾ, ട്യൂബ്ലെസ് ടയറുകൾ എന്നിങ്ങനെയുള്ള സവിശേഷതകളും എക്സ്440യിൽ ഉണ്ട്.