ഇന്ത്യൻ വിപണിക്കായി ഹാർലി ഡേവിഡ്സൺ എന്ന മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാവും ഹീറോ മോട്ടോകോർപ്പും സഹകരിച്ച് നിർമ്മിച്ച ബൈക്കാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440). ഈ മോട്ടോർസൈക്കിളിന്റെ ഡെലിവറി അടുത്ത മാസത്തോടെ ആരംഭിക്കും. ബൈക്കിന്റെ ടെസ്റ്റ് റൈഡുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഹാർലി ഡേവിഡ്‌സൺ ബ്രാന്റിങ്ങിൽ പുറത്തിറങ്ങുന്ന വില കുറഞ്ഞ മോട്ടോർസൈക്കിളാണ് ഇത്. ഹാർലി ഡേവിഡ്‌സൺ എക്സ്440 മോട്ടോർസൈക്കിൾ ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്ക് ഡീലർഷിപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടെസ്റ്റ് റൈഡ് ഷെഡ്യൂൾ ചെയ്‌തോ മോട്ടോർസൈക്കിളിന്റെ ടെസ്റ്റ് റൈഡ് നടത്താനുള്ള സൗകര്യവും ഉണ്ട്. ആദ്യം ബുക്ക് ചെയ്തവർക്ക് ആദ്യം ഡെലിവറി എന്ന നിലയിൽ തന്നെയാണ് ഡെലിവറി നടത്തുക. ഈ മോട്ടോർസൈക്കിളിന് ഇതിനകം തന്നെ 25,000ൽ അധികം ബുക്കിങ് ഉണ്ട്. കമ്പനി ഡീലർഷിപ്പ് ശൃങ്കല വികസിപ്പിച്ച് ഡെലിവറി വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഹാർലി ഡേവിഡ്‌സൺ എക്സ്440 മോട്ടോർസൈക്കിൾ കമ്പനിയുടെ ജനപ്രിയ മോഡലായ എക്സ്ആർ1200 എന്ന ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഡെനിം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440 ബൈക്ക് ലഭ്യമാകുന്നത്. ഡെനിം വേരിയന്റിന് 2.29 ലക്ഷം രൂപയാണ് വില. വിവിഡ് വേരിയന്റിന് 2.49 ലക്ഷം രൂപ എക്സ് ഷോറൂം വിലയുണ്ട്. ഹൈ എൻഡ് മോഡലായ എസ് വേരിയന്റിന് 2.69 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 440 സിസി എയർ ഓയിൽ കൂൾഡ് എഞ്ചിനുമായിട്ടാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440 മോട്ടോർസൈക്കിൾ വരുന്നത്. ഈ 2 വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 27.6 ബിഎച്ച്പി പവറും 38 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയർബോക്സ് യൂണിറ്റാണ് ബൈക്കിലുള്ളത്. സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ചും ബൈക്കിൽ നൽകിയിട്ടുണ്ട്. റോയൽ എൻഫീൽഡ് ക്ലാസിക് 350, ട്രയംഫ് സ്പീഡ് 400 തുടങ്ങിയ ബൈക്കുകളുമായിട്ടാണ് ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിൾ മത്സരിക്കുന്നത്.
ഹാർലി ഡേവിഡ്‌സൺ എക്സ്440 മോട്ടോർസൈക്കിളിൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടോപ്പ് എൻഡ് വേരിയന്റിൽ ഒരു ടിഎഫ്ടി സ്ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ-ചാനൽ എബിഎസ്, എൽഇഡി ലൈറ്റിങ് എന്നിങ്ങനെയുള്ള സവിശേഷതകളുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സർവീസ് ഇൻഡിക്കേറ്റർ, സൈഡ്-സ്റ്റാൻഡ് അലേർട്ട് തുടങ്ങിയ പ്രധാന വിവരങ്ങൾ കാണിക്കും. ആധുനുകയും ഉപയോഗപ്രദവുമായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിലുള്ളത്. ഹാർലി ഡേവിഡ്‌സൺ എക്സ്440യുടെ മറ്റൊരു പ്രധാന സവിശേഷത സസ്പെൻഷനാണ്. 43എംഎം ഡ്യുവൽ കാട്രിഡ്ജ് അപ്പ്-സൈഡ് ഡൗൺ ഫോർക്കുകളാണ് ബൈക്കിന്റെ മുൻവശത്ത് നൽകിയിട്ടുള്ളത്. പിൻഭാഗത്ത് 7 സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ ഗ്യാസ് ഫിൽഡ് ഡ്യൂവൽ ഷോക്ക് അബ്സോർബറുകൾ നൽകിയിട്ടുണ്ട്.
ബൈക്കിന്റെ മുൻവശത്ത് 320 എംഎം ഡിസ്‌ക്കും പിന്നിൽ 240 എംഎം ഡിസ്‌ക്കുമാണുള്ളത്. ബൈക്കിൽ സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് നൽകിയിട്ടുണ്ട്. ഹാർലി ഡേവിഡ്‌സൺ എക്സ്440 മോട്ടോർസൈക്കിളിൽ അലോയ് വീലുകളോ സ്പോക്ക് വീലുകളോ ലഭിക്കുന്നു. ബൈക്കിന്റെ ഫ്രണ്ട് വീലിന് 18 ഇഞ്ച് വലിപ്പമുണ്ട്. പിന്നിൽ 17 ഇഞ്ച് യൂണിറ്റാണ് നൽകിയിട്ടുള്ളത്. മുൻവശത്തെ ടയർ 100/90 ആണ്. പിന്നിൽ 140/70 ആണ് ടയർ. ഹീറോ മോട്ടോകോർപ്പിന്റെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയിൽ വെച്ച് ഹാർലി ഡേവിഡ്സൺ ബ്രാന്റിന്റെ ഇൻപുട്ടുകളോടെയാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440 വികസിപ്പിച്ചെടുത്തത്. ഡെലിവറികൾ വേഗത്തിൽ നടന്നാൽ ഈ ബൈക്ക് എതിരാളികൾക്ക് ഭീഷണിയാകുമെന്ന് ഉറപ്പാണ്.