ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ ഏറെ ജനപ്രിതിയുള്ള പേരാണ് കരിസ്മ. ഒരുകാലത്ത് നിരത്തുകൾ ഭരിച്ചിരുന്ന കരിസ്മ ബൈക്കുകളുടെ വിഭാഗത്തിൽ ഹീറോ കരിസ്മ XMR (Hero Karizma XMR) എന്ന മോട്ടോർസൈക്കിൾ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കാലത്തിന് അനുസരിച്ച മാറ്റങ്ങൾ ഡിസൈനിലും സവിശേഷതകളിലും വരുത്തിയാണ് ഈ മോട്ടോർസൈക്കിൾ പുറത്തിറക്കിയത്. ബുക്കിംഗ് പൊടി പൊടിക്കുന്നതിനിടെ ഹീറോ കരിസ്മ XMR ബൈക്കിന്റെ വില വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹീറോ മോട്ടോകോർപ്പ്. ഹീറോ കരിസ്മ XMR മോട്ടോർസൈക്കിൾ നിലവിൽ ലോഞ്ച് ഓഫറിന്റെ ഭാഗമായിട്ടുള്ള വിലയിലാണ് വിൽപ്പന നടത്തുന്നത്. 1.73 ലക്ഷം രൂപ മുതലാണ് ഇപ്പോൾ ഈ ബൈക്കിന്റെ എക്സ് ഷോറൂം വില. ഈ വിലയ്ക്ക് ഇനി ഹീറോ കരിസ്മ XMR ലഭ്യമാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഈ ഓഫർ അവസാനിക്കുമെന്നും അതിന് ശേഷം ബൈക്കിന് വില വർധിപ്പിക്കുമെന്നും ഹീറോ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുന്ന ആളുകൾക്ക് ഹീറോ കരിസ്മ XMR കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
സെപ്റ്റംബർ 30 അർദ്ധരാത്രി വരെയാണ് നിലവിൽ ലഭിക്കുന്ന വിലയിൽ ഹീറോ കരിസ്മ XMR ബുക്ക് ചെയ്യാൻ കഴിയുക. അംഗീകൃത ഡീലർ നെറ്റ്‌വർക്ക് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബുക്കിംഗ് നടത്താവുന്നതാണ്. ബുക്കിംഗ് ഫീസായി 3,000 രൂപയാണ് നൽകേണ്ടി വരുന്നത്. ഹീറോ കരിസ്മ XMR മോട്ടോർസൈക്കിളിൽ പുതിയ 210 സിസി 4വി ഹെഡ് എഞ്ചിനാണുള്ളത്. ഹീറോ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുള്ള എഞ്ചിനാണിത്. ഈ എഞ്ചിൻ 25.5 പിഎസ് പവറും 20.4 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 32.8 കിലോമീറ്റർ മൈലേജും ഈ എഞ്ചിൻ നൽകുന്നു. ഓൾ – എൽഇഡി ലൈറ്റിങ്ങുമായി വരുന്ന ബൈക്കിൽ ആധുനികമായ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി നാവിഗേഷൻ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയുമുണ്ട്. സസ്‌പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 6 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോ-ഷോക്കുമാണുള്ളത്. മുൻവശത്ത് സിംഗിൾ പെറ്റൽ ഡിസ്‌ക്കുമായി വരുന്ന ബൈക്കിൽ ഡ്യുവൽ-ചാനൽ എബിഎസുമുണ്ട്. ബൈക്കിൽ സ്റ്റാൻഡേർഡ് റിയർ ഡിസ്‌ക്ക് ബ്രേക്കുമുണ്ട്.