പ്രീമിയം വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യൻ വിപണിയിൽ പുതിയ വാഹനം അവതരിപ്പിച്ചു. മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്റർ (Mercedes-AMG SL55 Roadster) എന്ന മോഡലാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 2.35 കോടി രൂപ മുതലാണ്. 2021-ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച ഏഴാം തലമുറ മോഡലാണ് ഇത്. ഈ വാഹനം സിബിയു അഥവാ കംപ്ലീറ്റ്ലി ബിൾഡ് യൂണിറ്റ് ആയിട്ടാണ് ഇന്ത്യയിലെത്തുന്നത്.
മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്റർ എന്ന പെർഫോമൻസ് കാർ രണ്ട് ട്രിം ലെവലുകളിലും എട്ട് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലുമാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. ആകർഷകമായ ഡിസൈനും കരുത്തുള്ള എഞ്ചിനുമായി വരുന്ന വാഹനത്തിൽ സ്വീപ്പ്ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകളുണ്ട്. പാനമേരിക്കാന ഗ്രില്ലാണ് ഈ വാഹനത്തിലുള്ളത്. ഗ്ലോസ് ബ്ലാക്ക് ഒആർവിഎം ആണ് മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്ററിന്റെ മറ്റൊരു പ്രധാന സവിശേഷത.
പുതിയ ബ്ലാക്ക്ഡ് ഔട്ട് 20 ഇഞ്ച് അലോയ് വീലുകളുമായിട്ടാണ് മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്റർ വരുന്നത്. ഈ വാഹനം 21 ഇഞ്ച് ഓപ്‌ഷണൽ വാഹനവുമായിട്ടാണ് വരുന്നത്. ചുവപ്പ് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകളും ഈ വാഹനത്തിലുണ്ട്. ക്വാഡ്-ടിപ്പ് എക്‌സ്‌ഹോസ്റ്റുകൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന എക്‌സ്‌ഹോസ്റ്റുകൾ എന്നിവയും എഎംജി എസ്എൽ 55 റോഡ്‌സ്റ്ററിൽ ഉണ്ട്. സ്‌പോയിലർ, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയും ഈ വാഹനത്തിന്റെ സവിശേഷതയാണ്. മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്റർ മോഡലിൽ സോഫ്റ്റ് ടോപ്പ് 15 സെക്കൻഡിനുള്ളിൽ തുറക്കാനോ അടയ്ക്കാനോ കഴിയും. 60 കിലോമീറ്റർ വരെ വേഗതയിൽ തുറയ്ക്കുകയോ അടയ്ക്കുകയോ ചെയ്യാൻ സാധിക്കുന്ന സോഫ്റ്റ് ടോപ്പാണ് ഈ വാഹനത്തിൽ കമ്പനി നൽകിയിട്ടുള്ളത്. ബ്ലാക്ക്, ഗ്രേ, റെഡ് നിറങ്ങളിലാണ് ഇത് ലഭ്യമാകുന്നത്. ഏറ്റവും ആധുനികമായ സവിശേഷതകൾ ഉൾക്കൊള്ളുന്നതും ആകർഷകമായ ഡിസൈനിൽ വരുന്നതുമായ വാഹനമാണ് മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്റർ.
മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്ററിൽ എഎംജി പെർഫോമൻസ് സീറ്റുകളാണ് നൽകിയിട്ടുള്ളത്. ചുറ്റിലും കാർബൺ-ഫൈബർ മെറ്റീരിയൽ നൽകിയിട്ടുണ്ട്. അൽകന്റാര ഇൻസേർട്ടുകളും ഇന്റീരിയറിലുടനീളമുള്ള എഎംജി-സ്പെസിഫിക്ക് ഘടകങ്ങളും വാഹനത്തിന്റെ ഉൾവശം മനോഹരമാക്കുന്നു. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 11.9 ഇഞ്ച് വെർട്ടിക്കലായി നൽകിയിട്ടുള്ള ടിൽറ്റ്-എബിലിറ്റ് MBUX ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, എച്ച്യുഡി എന്നിവയും ഈ വാഹനത്തിലുണ്ട്. മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്റർ സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ്. എട്ട് എയർബാഗുകളാണ് ഈ വാഹനത്തിലുള്ളത്. പ്രീ സേഫ് സിസ്റ്റവുമായി വരുന്ന ഈ വാഹനം കാൽനട യാത്രക്കാരെ സംരക്ഷിക്കുന്നു. ആക്റ്റീവ് ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് പോലുള്ള ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകളോടെയാണ് മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്റർ വരുന്നത്.
മെഴ്സിഡസ് ബെൻസ് എഎംജി എസ്എൽ 55 റോഡ്‌സ്റ്ററിന് കരുത്ത് നൽകുന്നത് 4.0-ലിറ്റർ, ട്വിൻ-ടർബോ V8 എഞ്ചിനാണ്. 473 ബിഎച്ച്പി പവറും 700 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ഈ എഞ്ചിൻ വരുന്നത്. ഈ സോഫ്റ്റ്-ടോപ്പ് കൺവെർട്ടബിൾ വാഹനത്തിന് 3.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ സാധിക്കും. 295 കിലോമീറ്റർ വരെ വേഗതയാണ് ഈ വാഹനത്തിനുള്ളത്.