പാലക്കാട് : കോണ്‍ഗ്രസ് വിട്ടെന്നറിയിച്ച് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയ പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥ് പാര്‍ട്ടിയിലേക്ക് മടങ്ങുമെന്ന് സൂചന. പെരിങ്ങോട്ടുകുറിശ്ശി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ ഗോപിനാഥ് മുഴുവന്‍ സമയവും പങ്കെടുത്തു. ഗോപിനാഥിനുള്ള ജനപിന്തുണ ആര്‍ക്കും വിസ്മരിക്കാനാകില്ലെന്നായിരുന്നു ഉദ്ഘാടകനായ മുന്‍ എം.എല്‍.എ സി.പി മുഹമ്മദിന്റെ പ്രതികരണം.
ഗോപിനാഥ് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ പെരിങ്ങോട്ടുകുറിശ്ശിയിലെ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗിക പരിപാടികളില്‍ നിന്ന് ഭാഗികമായി വിട്ടുനില്‍ക്കുന്ന സ്ഥിതിയായിരുന്നു. കരുത്തറിയിക്കുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് ഗോപിനാഥിനെ മുന്‍നിര്‍ത്തി കെ.കരുണാകരന്‍ അനുസ്മരണം സംഘടിപ്പിച്ചത്. പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ചാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും തന്റെ മടങ്ങി വരവായി ഇതിനെ കാണേണ്ടതില്ലെന്നും ഗോപിനാഥ്.
പരിപാടി ഔദ്യോഗികമാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംശയമുള്ളവരോട് ഇത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുസ്മരണ പരിപാടിയെന്ന് സി.പി.മുഹമ്മദ്. കൈയ്യാലപ്പുറത്തിരിക്കാതെ ഏതെങ്കിലും ഭാഗത്തേക്ക് മറിയണമെന്നായിരുന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജയശങ്കറുടെ ഗോപിനാഥിനോടുള്ള ഉപദേശം.