തിരുപ്പൂര്‍: അവിനാശിക്കടുത്ത് ഉണ്ടായ കെഎസ്‌ആര്‍ടിസി ബസ്സപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി സര്‍ക്കാര്‍ ധനസഹായം എത്തിക്കും. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
അടിയന്തിരമായി രണ്ട് ലക്ഷം രൂപ ഒരാഴ്ചയ്ക്കകം തന്നെ നല്‍കും. നടപടിക്രമങ്ങള്‍ തടസമാകാത്ത വിധത്തില്‍ പണം കൈമാറാനാണ് തീരുമാനം. ബാക്കി തുക ഒരു മാസത്തിനകം കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരായ ഗിരീഷിന്റെയും ബൈജുവിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടി യാത്രക്കാരുടെ ഇന്‍ഷുറന്‍സില്‍നിന്നാണ് ഈ തുക നല്‍കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളുടെ ചികിത്സാ സഹായവും സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു.