റാന്നി : അവിട്ടം ജലോത്സവം 16-ന് രണ്ടിന് പമ്പാ നദിയിലെ പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ നടക്കും. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് നെടുമ്പ്രയാർ വരെയുള്ള 15 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ പങ്കെടുക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ തലത്തിലുള്ള ഓണാഘോഷം ഉപേക്ഷിച്ചെങ്കിലും ജാതി മത രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും ചേർന്നുനടത്തുന്ന അവിട്ടം ജലോത്സവം തനിമ നഷ്ടപ്പെട്ടാതെ ആചാരപരമായ ചടങ്ങുകളോടെ നടത്തും. അവിട്ടം ജലോത്സവം റാന്നിയുടെ ഉത്സവമാക്കി മാറ്റാൻ ജനപ്രതിനിധികൾ, അവിട്ടം ജലോത്സവസമിതി പ്രവർത്തകർ, പുല്ലാപ്രം ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഭാരവാഹികൾ, വിവിധ പള്ളിയോടക്കര പ്രതിനിധികൾ, സാമുദായിക സംഘടനാനേതാക്കൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്ത യോഗം തീരുമാനിച്ചു.
15 പള്ളിയോടങ്ങളിലെയും തുഴച്ചിൽകാർക്കും കരനാഥന്മാർക്കും പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സ്വീകരണം നല്കും. മൂന്ന് പള്ളിയോടം ഭഗവതികുന്ന് ക്ഷേത്രക്കടവിലും എത്തി സ്വീകരണം ഏറ്റുവാങ്ങും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജലോത്സവസമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. രാജു ഏബ്രഹാം, ജലോത്സവ സമിതി ചെയർമാൻ റിങ്കു ചെറിയാൻ, ഉപാധ്യക്ഷൻ ഷൈൻ ജി.കുറുപ്പ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു റെജി, പ്രകാശ് കഴികാല, റൂബി കോശി, കെ.ആർ.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് സ്റ്റീഫൻ, എം.എസ്.സുജ, വൈസ് പ്രസിഡന്റ് സതീഷ് കുമാർ, എസ്.എൻ.ഡി.പി.യോഗം റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ മണ്ണടി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. ജലോത്സവസമിതി ജനറൽ സെക്രട്ടറി ടി.കെ.രാജപ്പൻ, ഓർഗനൈസിങ് സെക്രട്ടറി രവികുന്നയ്ക്കാട്, ശ്രീനി ശാസ്താംകോവിൽ, വൈസ് പ്രസിഡന്റ് പി.ആർ.പ്രസാദ്, വി.കെ.രാജഗോപാൽ, അനി വലിയകാല, റെജി താഴമൺ, രാജു തേക്കടയിൽ, ജോജോ കോവൂർ, ബാജി രാധാകൃഷ്ണൻ, തോമസ് മാമ്മൻ, ബി.സുരേഷ്, ജി.വിനോദ് കുമാർ, രാജേഷ് ആനമാടം, സജി നെല്ലുവേലിൽ, എ.എൻ.ബാലൻ എന്നിവർ സ്വാഗതസംഘസമിതിയിൽ ഉൾപ്പെടുന്നു.