ലഖ്നൗ : ചൈനീസ് ആപ്പുകൾ ഒഴിവാക്കാൻ നിർദ്ദേശവുമായി യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. 52 മൊബൈൽ ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കാൻ സേന അംഗങ്ങളോടും കുടുംബാംഗങ്ങളോടും നിർദ്ദേശം നൽകി. ഡാറ്റാ മോഷണം നടക്കുമെന്ന് ചൂണ്ടിക്കാട്ടി എസ്ടിഎഫ് ഐജി യുടെ നിർദ്ദേശം. ആപ്പുകളിൽ ടിക്ക് ടോക്ക്, യുസി ബ്രൗസർ ഉൾപ്പെടെയുള്ളവ ഒഴിവാക്കാനാണ് നിർദ്ദേശം. യുപി പോലീസിന്റെ സായുധ വിഭാഗമാണ് എസ്ടിഎഫ് ( Special Task Force).
ലഡാക്കിലെ അതിർത്തിയിലെ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. ചൈന ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാൻ ശ്രമിച്ചതായിരുന്നു സംഘർഷത്തിലേക്ക് നയിച്ചത്. സൈന്യം ശക്തമായി തിരിച്ചടിച്ചതായും രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും സംഭവങ്ങൾക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞിരുന്നു.
സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും പ്രാധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ചൈനീസ് കമ്പനിക്ക് നൽകിയ നാനൂറിലധികം കോടിയുടെ കരാർ ഇന്ത്യൻ റെയിൽവെ റദ്ദാക്കിയതും ഇതിനോട് ചേർത്ത് വാർത്തയായിരുന്നു. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിവര ചോർച്ച സംശയിച്ച് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ പുതിയ തീരുമാനം.