കൊച്ചി: പ്രമേഹരോഗികൾ ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതുകൊണ്ട് വെള്ള അരി കൊണ്ടുള്ള ചോറ് ഒഴിവാക്കണമെന്നത് പ്രമേഹരോഗികൾക്ക് കിട്ടുന്ന പതിവ് ഉപദേശമാണ്. ചോറ് കഴിക്കണമെന്ന ആഗ്രഹം അടക്കാനാവുന്നില്ലെങ്കിൽ ബ്ലാക്ക് റൈസ് എന്ന ഓപ്ഷൻ സ്വീകരിക്കാം.പ്രോട്ടീൻ, ഫൈബർ, അയൺ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ബ്ലാക്ക് റെസ് പർപ്പിൾ റൈസ് എന്ന പേരിലും അറിയപ്പെടാറുണ്ട്. വേവിച്ചു കഴിയുമ്പോൾ പർപ്പിൾ നിറത്തിലാകുന്നതുകൊണ്ടാണ് ഈ പേര്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്നതുകൊണ്ടാണ് ബ്ലാക്ക് റൈസ് പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണെന്ന് പറയുന്നത്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും ഹൃദ്രോഗം, സീലിയാക് ഡിസീസ് തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കാനും ബ്ലാക്ക് റൈസ് നല്ലതാണ്.
വൈറ്റ് റൈസിനെ അപേക്ഷിച്ച് വൈറ്റമിനുകളും പോഷകങ്ങളും പ്രോട്ടീനും ഇവയിൽ കൂടുതലാണ്. നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ടും അന്നജത്തിന്റെ അളവ് കുറവായതിനാലും ബ്ലാക്ക് റൈസ് വളരെ സാവധാനത്തിലേ ദഹിക്കൂ. കൂടുതൽ നേരം വയർ നിറഞ്ഞ തോന്നലുള്ളതുകൊണ്ട് വിശപ്പ് അനുഭവപ്പെടില്ല. അതിനാലാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ബ്ലാക്ക് റൈസ് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് പറയുന്നത്.