കൊച്ചി : രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ഇന്ന് വീണ്ടും കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് മൂന്നാം ദിവസമാണ് രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.
വ്യാഴാഴ്ച രാവിലെ 9.45നാണ് ഹാജരാകാൻ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ എല്ലാം പരിശോധിച്ചതാണെന്നും ഇന്ന് എന്തിനാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും ആയിഷ സുൽത്താന പറഞ്ഞു. അതേസമയം ഐഷയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺകോളുകളെ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 10.30ന് ഹാജരാകാനായിരുന്നു കവരത്തി പോലീസ് നോട്ടീസ് നൽകിയിരുന്നത്. തുടർന്ന് ചോദ്യം ചെയ്യൽ വൈകുന്നേരം 6.30 വരെ നീണ്ടു. സോഷ്യൽമീഡിയ അക്കൗണ്ടുകളടക്കമുള്ളവ പരിശോധിച്ചിരുന്നു. തനിക്ക് മറ്റേതെങ്കിലും രാജ്യമായിട്ട് ബന്ധമുണ്ടോയെന്നാണ് പോലീസ് ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുന്നതെന്നും ആയിഷ സുൽത്താന പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും ആയിഷ സുൽത്താന ഇടക്കാല മുൻകൂർ ജാമ്യം നേടിയിരുന്നു. തുടർന്നാണ് ഇവർ ലക്ഷദ്വീപ് പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്.