ഉത്തർപ്രദേശ് : രാമക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു നെക്ലേസ് ഉണ്ടാക്കി സൂറത്തിൽ നിന്നുള്ള ഒരു വജ്ര വ്യാപാരി. രാമക്ഷേത്രത്തിന് തന്നെ ഈ നെക്ലേസ് സമ്മാനിക്കാനാണ് വ്യാപാരി തീരുമാനിച്ചിട്ടുള്ളത്. 5000 വജ്രങ്ങള്‍ പതിപ്പിച്ചാണ് മാസ്റ്റര്‍ പീസ് നിർമിച്ചിട്ടുള്ളത്. ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമാണ് നെക്ലേസില്‍ കൊത്തിവെച്ചിട്ടുള്ളത്. 5000 അമേരിക്കന്‍ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചുകൊണ്ട് 35 ദിവസമെടുത്താണ് നെക്ലേസ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും വ്യാപാരി വ്യക്തമാക്കി.
വില്‍ക്കാനായല്ല ഈ നെക്ലേസുണ്ടാക്കിയത് എന്നും അയോധ്യയിലെ രാമക്ഷേത്രത്തിന് ഈ അമൂല്യ നെക്ലേസ് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ ആദരണീയമായ ജന്മസ്ഥലമായ അയോധ്യ ജനങ്ങൾക്ക് വളരെയധികം ആത്മീയവും ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്. 2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുക. ജനുവരി 16 ന് ചടങ്ങുകള്‍ ആരംഭിക്കും. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവ് ആചരിക്കും. മഹായജ്ഞവും നടത്തും. ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.