തിരുവനന്തപുരം: ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിയമപരമായി നീങ്ങിയാല്‍ അനുകൂല വിധി ഉണ്ടാകുമെന്നുറപ്പില്ലാത്തതിനാല്‍ സര്‍ക്കാരിനെ പരമാവധി സമ്മര്‍ദപ്പെടുത്തി തീരുമാനം തിരുത്തിക്കാനാണ് നീക്കം.
ശല്യതന്ത്ര (ശസ്ത്രക്രിയ), ശാലക്യതന്ത്ര (ഇഎന്‍ടി, ദന്തചികിത്സ) എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്കാണ് 58 ജനറല്‍ സര്‍ജറികള്‍ക്ക് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച വിജ്ഞാപനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിമര്‍ശിച്ചിരുന്നു. മറ്റു ചികിത്സാവിധികള്‍ പഠിപ്പിക്കുന്ന കോളജുകളില്‍ അലോപ്പതി ഡോക്ടര്‍മാര്‍ പഠിപ്പിക്കാന്‍ പോകുന്നതു വിലക്കുകയും ചെയ്തു. സിസിഐഎം തയാറാക്കിയ വിജ്ഞാപനത്തില്‍ ആധുനിക ചികിത്സാവിധികള്‍ക്കുള്ള പദപ്രയോഗങ്ങള്‍ ആവര്‍ത്തിച്ചതാണ് ഐഎംഎയുടെ പ്രതിഷേധത്തിനു കാരണം. ആരും സ്വന്തം ശസ്ത്രക്രിയാ രീതി വികസിപ്പിക്കുന്നതിന് ഐഎംഎ എതിരല്ല. എന്നാല്‍ ചികിത്സാവിധികള്‍ കൂട്ടിക്കുഴയ്ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ വ്യക്തത വരുത്തണമെന്നും ഐഎംഎ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ആര്‍.വി.അശോകന്‍ പറഞ്ഞു.
ആയൂര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രക്രിയക്കുള്ള അനുമതി. അതിലാണ് ആയുഷ് മന്ത്രാലയം അനുകൂല തീരുമാനമെടുത്തത്. ആയുര്‍വേദത്തില്‍ യോഗ്യരുള്ളവരില്ലാത്തതിനാല്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ പരിശീലനം നല്‍കണം. എന്നാലിത് നല്‍കില്ലെന്നാണ് ഐഎംഎ നിലപാട്. ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ശസ്ത്രക്രിയ സ്പെഷ്യാലിറ്റികളിലും സൂപ്പര്‍ സ്പെഷ്യാലിറ്റികളിലും മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ പ്രായോഗിക പരിശീലനം നേടുന്നിടത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ എങ്ങനെ, എത്രകാലം പരിശീലനം നേടുമെന്നതിലടക്കം വ്യക്തത വരുത്തേണ്ടതുണ്ട്. ഇവര്‍ ചെയ്യുന്ന ശസ്ത്രക്രിയകളില്‍ പ്രശ്നങ്ങളുണ്ടായാല്‍ തുടര്‍ ചികില്‍സ, രോഗിയുടെ ഉത്തരവാദിത്വം ഇത് സംബന്ധിച്ചും അന്തിമ തീരുമാനമാകണം. ശസ്ത്രക്രിയക്കിടയിലോ ശേഷമോ അത്യാഹിതം സംഭവിച്ചാല്‍ രോഗിയ്ക്ക് എങ്ങനെ വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്നതിലും വ്യക്തയില്ല.