തിരുവനന്തപുരം: പൊതുജനാരോഗ്യ ബില്ലിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാര്‍. നിയമസഭ പാസായ പൊതുജനാരോഗ്യ ബില്ലിനെതിരെ ഗവര്‍ണറെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍. ബില്ലില്‍ ആയുഷ് – ആയുര്‍വേദ വിഭാഗങ്ങളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കിനെയും സമീപിക്കാനാണ് ആയുര്‍വേദ ഡോക്ടര്‍മാരുടെ താരുമാനം. പൊതുജനാരോഗ്യരംഗത്ത് വിവിധ വെദ്യശാസ്ത്ര ശാഖകളുടെ സമന്വയം ബില്ല് ഇല്ലാതാക്കുമെന്നാണ് പ്രധാന പ്രശ്‌നമായി ആയുര്‍വേദ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
പുതിയ ബില്ല് പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന പൊതുജനാരോഗ്യ സമിതിയില്‍ ആയുഷ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയും ഒഴിവാക്കി. ജില്ലാ പൊതുജനാരോഗ്യ സമിതികളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുണ്ടെങ്കിലും സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരില്ല. ബില്ലിന്റെ ഘടനയില്‍ സമഗ്രമായ മാറ്റം വേണമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാരുടെ ആവശ്യം.