അമ്പലപ്പുഴ : അമ്പലപ്പുഴ പുതുമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ കീഴിൽ താന്ത്രികവിദ്യാഭ്യാസം നടത്തിയതനുസ്മരിച്ച് ശബരിമല നിയുക്ത മേൽശാന്തി അരുൺകുമാർ നമ്പൂതിരി. അയ്യപ്പന്റെ മാതൃസ്ഥാനമായ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ അമ്പലപ്പുഴ യോഗം പേട്ടസംഘത്തിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുതുമന ഇല്ലത്താണ് താന്ത്രികവിദ്യാഭ്യാസം നടത്തിയത്. 25 കൊല്ലം മുൻപ് ഗുരുനാഥൻ ശബരിമല മേൽശാന്തി സ്ഥാനലബ്ധി പ്രവചിച്ചിരുന്നു. ഇപ്പോൾ ലഭിച്ചസ്ഥാനം ഗുരുവിന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധനായിരിക്കും-അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറേ ആനക്കൊട്ടിലിൽ അമ്പലപ്പുഴ ബ്രാഹ്മണസമൂഹം ഭാരവാഹികൾ പൂർണകുംഭം നൽകി സ്വീകരിച്ചു. നാടകശാലയിൽ നടന്ന സ്വീകരണസമ്മേളനം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള പൊന്നാടയണിയിച്ചു. സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം സുഷമാ രാജീവ്, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കെ. കവിത, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എസ്. വിമൽകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. ജയലക്ഷ്മി, കോയ്മസ്ഥാനി വി.ജെ. ശ്രീകുമാർ വലിയമഠം, ക്ഷേത്ര വികസനട്രസ്റ്റ് പ്രസിഡന്റ് ടി.കെ. ഹരികുമാർ താമത്ത്, ഫോക്കസ് ചെയർമാൻ സി. രാധാകൃഷ്ണൻ, കളിത്തട്ട് ജനറൽ സെക്രട്ടറി സജു പാർഥസാരഥി, സംഘം സെക്രട്ടറി കെ. ചന്ദ്രകുമാർ, ഖജാൻജി ബിജു സാരംഗി എന്നിവർ പ്രസംഗിച്ചു.