കടലിരമ്പങ്ങളിൽ നിന്നും ഒരു കല്ലേറുദൂരം മാറി കടൽക്കാറ്റിന്‍റെ സാന്നിധ്യത്തിൽ ആകാശംമുട്ടി മുട്ടി നിൽക്കുന്ന ആഴിമല ശിവരൂപവും ക്ഷേത്രവും. ഹൈന്ദവ വിശ്വാസികളുടെ തീര്‍ത്ഥയാത്രകളിലെ ഒഴിവാക്കാൻ സാധിക്കാത്ത പുണ്യസ്ഥാനം. ഈ തിരുസന്നിധിയിലേക്ക് ഒരു യാത്ര പോകാൻ ആഗ്രഹമുണ്ടോ? മാറ്റിവെയ്ക്കാതെ ഇപ്പോൾ തന്നെ ഒരുങ്ങിക്കോളൂ. ആഴിമല ശിവക്ഷേത്രമടക്കം തിരുവനന്തപുരത്തെ പ്രധാന ക്ഷേത്രങ്ങളിലേക്കും തീർത്ഥാടന സ്ഥാനങ്ങളിലേക്കും പോകുവാൻ അവസരമൊരുക്കുകയാണ് കെഎസ്ആർടിസി. കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ല് ഒരുക്കുന്ന സെപ്റ്റംബർ മാസത്തെ യാത്രകളിലൊന്ന് ഈ തീർത്ഥയാത്രയാണ്. സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ പുറപ്പെട്ട് കരിക്കകം ക്ഷേത്രം, ആഴിമല ക്ഷേത്രം, ചെങ്കൽ ശിവലംഗ പ്രതിഷ്ഠ പിന്നെ തിരുവനന്തപുരം കാഴ്ചകളും ആണ് യാത്രയിൽ സന്ദർശിക്കുന്നത്.
ഞായറാഴ്ച രാവിലെ 6.30ന് ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര ആദ്യം സന്ദർശിക്കുന്നത് കരിക്കകം ദേവി ക്ഷേത്രമാണ്. ചാക്കയിൽ പാർവ്വതി പുത്തനാറിന്‌റെ തീരത്ത് സ്ഥിതി ചെയ്യുന്ന കരിക്കകം ചാമുണ്ഡി ദേവി ക്ഷേത്രം ഒരു ദേവീസങ്കല്‍പ്പത്തെ മൂന്ന് ഭാവങ്ങളില്‍ ആരാധിക്കുന്ന അത്യപൂർവ്വ ക്ഷേത്രമാണ്. വിശ്വാസികൾ നടതുറപ്പിച്ചു പ്രാർത്ഥിക്കുന്ന ക്ഷേത്രം കൂടിയായ ഇവിടെ ദർശനം പൂർത്തിയാക്കിയ ശേഷം നേരെ ആഴിമലയിലേക്ക് പോകും. കേരളത്തിലെ ഏറ്റവും ഉയരമുള്ള ശിവവിഗ്രഹമുള്ള ആഴിമല ക്ഷേത്രം തിരുവനന്തപുരത്തെ ശ്രദ്ധേയമായ ക്ഷേത്രവും വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ എത്തുന്നയിടവുമാണ്. വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിൽ സ്ഥിതി ചെയ്യുന്ന ഈ കടൽത്തീര ഹൈന്ദവ ക്ഷേത്രത്തിൽ 58 അടി ഉയരമുള്ള ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള ശിൽപ്പമാണ് കാണാൻ സാധിക്കുക.
ക്ഷേത്രദർശനത്തോടൊപ്പം സമീപത്തുള്ള ബീച്ചും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഴിമലയിൽ നിന്നും പോകുന്നത് തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം കാണാനാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ശിവലിംഗങ്ങളിൽ ഒന്നാണ് ചെങ്കൽ ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നത്. മനുഷ്യ ശരീരത്തിലെ ആറു വ്യത്യസ്ത ചക്രങ്ങളെ ആധാരമാക്കി നിർമ്മിച്ച ആറു ധ്യാനമുറികൾ ആണ് ഈ ശിവലിംഗത്തിനുള്ളിൽ കാണാൻ കഴിയുക. മാത്രമല്ല വ്യത്യസ്തങ്ങളായ ധർമ്മങ്ങളും ഫലങ്ങളുമാണ് ഈ ആറു ധ്യാനമുറികൾക്കും ഉള്ളത് എന്നാണ് വിശ്വാസം. 111 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മഹാശിവലിംഗത്തിലേക്ക് ഒരു ഗുഹയ്ക്കുള്ളിൽ എന്നതു പോലെയാണ് ഇവിടേക്കുള്ള യാത്ര ഒരുക്കിയിരിക്കുന്നത്. 108 വ്യത്യസ്ത ശിവലിംഗങ്ങളും ശിവന്റെ 64 ഭാവങ്ങളും ഈ ശിവലിംഗത്തിനുള്ളിൽ പലഭാഗങ്ങളായി കാണാൻ കഴിയും. യാത്രയിലെ അവസാന തീർത്ഥാടന സ്ഥാനമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം.
തീര്‍ത്ഥാടനത്തിനു ശേഷമുള്ള ഉച്ചകഴിഞ്ഞുള്ള സമയം തിരുവനന്തപുരത്തെ കാഴ്ചകൾക്കായി മാറ്റിവെച്ചിരിക്കുന്നു. കുതിര മാളിക, ചിത്രകല മ്യൂസിയം വാക്സ് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുക. തിരികെ രാത്രി എട്ടുമണിയോടെ കൊല്ലത്തെത്തുന്ന വിധത്തിൽ ബസ് മടങ്ങും. കൊല്ലം ഡിപ്പോയുടെ ഈ മാസത്തെ ഏക ആഴിമല യാത്രയുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 570 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ഇതിൽ ടിക്കറ്റ് ചാർജ് മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. യാത്രയിലെ ഭക്ഷണം, മറ്റു പ്രവേശന ചാർജുകൾ എന്നിവ യാത്രക്കാർ സ്വന്തം മുടക്കണം. ടിക്കറ്റ് നിരക്ക്, ബുക്കിങ് മുതലായ കൂടുതൽ കാര്യങ്ങളെക്കുറിച്ചറിയാൻ കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോൺ നമ്പര്‍- 9747969768, 9496110124, 7909159256