റാന്നി : റാന്നി ട്രൈബൽ ഡിപ്പാർട്ടുമെന്റ് ഓഫിസിലെ വിവിധ പദ്ധതികളിലെ അഴിമതി സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് കൊടുത്ത പരാതിക്ക് നടപടിയായില്ലെന്ന് ആക്ഷേപം. ട്രൈബൽ വിഭാഗത്തിന്റെ ജില്ലാ ഓഫീസായ റാന്നിയിൽ നടന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിൽ വ്യാപക അഴിമതി ഉണ്ടെന്നു കാണിച്ച് കഴിഞ്ഞ നവംബറില്‍ വകുപ്പ് മന്ത്രിയ്ക്കു കൊടുത്ത പരാതിയാണ് നാളിതുവരെയായിട്ടും അന്വേഷിക്കാതെ മുക്കി വെച്ചിരിക്കുന്നതെന്ന് പരാതിക്കാരനായ മലമ്പുറത്ത് വിജയൻ ആരോപിക്കുന്നു.
ചിറ്റാർ, കടുമീൻചിറ, ഹോസ്റ്റലിലെ കുട്ടികൾക്ക് ചെരുപ്പുകൾ വിതരണം ചെയ്ത പദ്ധതി, ഇതേ ഹോസ്റ്റലുകളിൽ ഇൻവെര്‍ട്ടർ സ്ഥാപിച്ച പദ്ധതി, 2018, 19, വർഷത്തിൽ നടത്തിയ വിവിധ വാങ്ങൽ പ്രവർത്തികൾ, ചാലക്കയം, മൂഴിയാർ, കൊക്കാത്തോട്, മണ്ണീറ എന്നി പട്ടികവർഗ സങ്കേതങ്ങളിലെ 95 കുടുബങ്ങൾക്ക് മഴക്കാലത്ത് കുടിലിനു മുകളിൽ വിരിക്കുവാൻ ടാർപോളിൻ ഷീറ്റ് വാങ്ങിയതിലെ ക്രമക്കേട് തുടങ്ങിയവയാണ് പരാതിയിൽ പറഞ്ഞിരിക്കുന്ന പ്രധാന ആരോപണം. ട്രൈബൽ കുട്ടികൾക്ക് വിതരണം ചെയ്ത, പാദരക്ഷകൾ അടക്കം മിക്ക സാധനങ്ങളും നിലവാരം കുറഞ്ഞത് വാങ്ങിയ ശേഷം അമിത വില ബില്ലിൽ ഉൾപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ടാർപോളിൻ ഷീറ്റ് വാങ്ങിയത് പകുതിയിൽ അധികം കുടുബങ്ങൾക്ക് നല്കാതെയും, വാങ്ങിയവക്ക് നിലവാരം ഇല്ലെന്നും ഇതിന് അമിത വില ഈടാക്കി പണം തട്ടിയെടുത്തതായുമാണ് പരാതിയിൽ പറയുന്നത്.
വിവരാവകാശ അപേക്ഷയില്‍ വാങ്ങിയ കടകളുടെ ബില്ലുകൾ പരിശോധിച്ചപ്പോൾ പല സ്ഥാപനങ്ങളും നിലവിൽ ഇല്ലാത്തതാണന്നും പറയുന്നു. ട്രൈബൽ വിദ്ധ്യാർത്ഥികൾക്ക് വിതരണം ചെയ്യുവാനുള്ള ട്രങ്ക് പെട്ടികൾ നിലവാരം കുറഞ്ഞതാണന്ന് കണ്ടെത്തിയതിനെ തുടർന്ന് വിതരണം ചെയ്യാതെ ചിറ്റാർ ഹോസ്റ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.ജില്ലാ ട്രൈബൽ ഓഫീസിൽ നടന്ന അഴിമതി ഓഡിറ്റ് വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ ഉaദ്യാഗസ്ഥനെ സ്ഥലം മാറ്റിയ സംഭവും ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരന്‍ ആക്ഷേപിക്കുന്നു. കേന്ദ്ര ഗവൺമെന്റ് ട്രൈബൽ വിഭാഗത്തിനു നല്കുന്ന പദ്ധതികൾ ഉദ്യാഗസ്ഥർ അഴിമതി കാണിച്ച് അട്ടിമറിക്കുന്നതിനെ സംബന്ധിച്ചുള്ള അന്വേഷണവും മരവിപ്പിക്കുന്നതായാണ് പ്രധാന ആക്ഷേപം.