തിരുവല്ല : സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള 100 കിടക്കകള്‍ ഉള്ള കോവിഡ് -19 പ്രഥമതല ചികിത്സാകേന്ദ്രം ഇരവിപേരൂരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി കൊണ്ട് ബി – പോസിറ്റീവ് സെന്റര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും സൗജന്യമായി ലഭിച്ച യാഹിര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക ക്രമീകരണങ്ങളോടെ ബി- പോസിറ്റീവ് ചികിത്സാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
രോഗി പരിചരണത്തിനായി ആഷാ സാഫി എന്നപേരുള്ള റോബോട്ട് നഴ്‌സ്, പുരുഷന്മാര്‍ക്കായി പുതുതായി ആറു ടോയിലറ്റ്, മാലിന്യ സംസ്‌ക്കരണത്തിനായി ഇന്‍സിനറേറ്റര്‍, ഫാര്‍മസി, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ചികിത്‌സയിലുള്ളവരുടെ മാനസിക ഉല്ലാസത്തിനായി കാരംസ് ബോര്‍ഡ്, ടിവി, സൗജന്യ വൈ-ഫൈ കണക്ഷന്‍, വായിക്കുന്നതിനായി പുസ്തകങ്ങളും മാസികകളും അടക്കം ഈ സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പൊതുസമൂഹത്തില്‍നിന്ന് കണ്ടെത്തിയ 118 കട്ടിലുകളില്‍ 104 എണ്ണം രോഗികള്‍ക്കായി താഴത്തെ നിലയിലും 14 എണ്ണം സ്ത്രീ- പുരുഷ ജീവനക്കാര്‍ക്കായി ഒന്നാം നിലയിലും ഇതിനുവേണ്ട ബെഡ്, ഷീറ്റ്, തലയിണ എന്നിവയും സംഭാവനയായി ലഭിച്ചു. പഞ്ചായത്തില്‍ വള്ളംകുളത്ത് സ്ഥിതി ചെയ്യുന്ന കാര്‍ത്തിക നായര്‍ എന്‍എസ്എസ്, ആയുര്‍വേദ ആശുപത്രി, ബദ്‌സയിദ ആശുപത്രി, ഇരവിപേരൂരുള്ള സെന്റ് മേരീസ് ആശുപത്രി, സെന്റ് മേരീസ് ജീഡിയാട്രിക് സെന്റര്‍, സെന്റ് മേരീസ് ആശുപത്രി നന്നൂര്‍, കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി കൂടാതെ വാര്‍ഡുകളില്‍ നിന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബെഡ് ചലഞ്ചിലൂടെ കണ്ടെത്തിയതും അടക്കമാണ് 118 കട്ടിലുകള്‍ ഇവിടേക്ക് ലഭിച്ചത്.
പ്രവര്‍ത്തനം ആരംഭിച്ച് നാലു ദിവസംകൊണ്ട് 85 പേരെയാണ് ഇവിടെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. ജീവനക്കാരും രോഗികളും അടക്കമുള്ള 97 പേര്‍ക്ക് മൂന്നു നേരത്തേക്കുള്ള ചൂട് ഭക്ഷണം ഇവിടുന്ന് ഏതാനും മീറ്റര്‍ അകലെയുള്ള കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നാണ് എത്തിച്ചു നല്‍കുന്നത്. മുമ്പ് 40 കിടക്കകളുമായി പ്രവര്‍ത്തിച്ചിരുന്ന കൊട്ടയ്ക്കാട് ചികിത്സാകേന്ദ്രത്തിന്റെ ഉടമ വാടക ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും വൈദ്യുതി കുടിശിക സംബന്ധിച്ച് തര്‍ക്കമുണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ചികിത്സാകേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് യാഹിര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബി പോസിറ്റീവ് ചികിത്സാകേന്ദ്രം ആരംഭിച്ചത്. ഇതിനായി പിന്തുണച്ചവര്‍ക്കും വിവിധ തരത്തില്‍ സഹായിച്ചവര്‍ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി നന്ദി രേഖപ്പെടുത്തി.