പത്തനംതിട്ട : മുന്‍ രാജ്യസഭാ ഉപാധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും മുതിര്‍ന്ന നേതാവുമായ പ്രൊഫ. പി.ജെ കുര്യനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം മുന്‍ ഡി.സി.സി. പ്രസിഡന്‍റ് ബാബു ജോര്‍ജ് നടത്തിയ ആരോപണങ്ങള്‍ യാതൊരു അടിസ്ഥാനമില്ലാത്ത കെട്ടിച്ചമച്ച നുണകള്‍ മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. താന്‍ പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ഉണ്ടായ വീഴ്ചകള്‍ മറയ്ക്കുവാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രൊഫ. പി.ജെ കുര്യന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി.സി.സി പ്രസിഡന്‍റ് എന്നിവര്‍ക്കെതിരെെ ഉന്നയിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫ. പി.ജെ കുര്യന്‍ അനുകരണീയ നേതാവാണെന്ന് ദിവസവും പറഞ്ഞുകൊണ്ടിരുന്നവര്‍ തന്നെ അദ്ദേഹത്തെ ആക്ഷേപിച്ച് രംഗത്ത് വന്നിരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. സ്ഥാനമാനങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ പി.ജെ കുര്യന്‍ ദൈവവും അത് നഷ്ടപ്പെട്ടപ്പോള്‍ ചെകുത്താനും ആകുന്നത് എങ്ങനെയാണ്?. ഡി.സി.സി പ്രസിഡന്‍റായിരുന്നപ്പോള്‍ പ്രൊഫ. പി.ജെ കുര്യന്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുന്നില്ലെന്ന് വിളിച്ചു പറയുവാന്‍ ബാബു ജോര്‍ജ് തന്‍റേടം കാണിക്കാതിരുന്നത് എന്താണ്. അന്ന് ആരാണ് അദ്ദേഹത്തെ തടഞ്ഞത്. അദ്ദേഹത്തിന്‍റെ സഹായം നിര്‍ലോഭം സ്വീകരിച്ചിട്ട് സ്വന്തം അധികാരസ്ഥാനം ഇല്ലാതായപ്പോള്‍ ഇതുപോലെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടി നടക്കുന്നയാള്‍ക്കാര്‍ നടത്തുന്ന സ്വഭാവഹത്യാശ്രമം നികൃഷ്ടമാണ്.
കെ.പി.സി.സി തീരുമാനം അനുസരിച്ച് ഫെബ്രുവരി 14ന് ചേര്‍ന്ന ഡി.സി.സി എക്സിക്യൂട്ടീവ് യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്‍ ആരെയും മോശമായി ചിത്രീകരിച്ചുകൊണ്ട് സംസാരിച്ചിട്ടില്ല. കഴിഞ്ഞ ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റായിരുന്ന ബാബു ജോര്‍ജ് സ്ഥനാര്‍ത്ഥികളായിരുന്നവരില്‍ നിന്നും പണം വാങ്ങിയിട്ട് സാമ്പത്തിക പരാധീനതയുള്ളവരെപ്പോലും സഹായിച്ചില്ല എന്ന പരാതിയെ പറ്റിയും അത് വീഴ്ചയാണെന്ന പരാമര്‍ശനവുമാണ് നടത്തിയത്. ഡി.സി.സി യോഗത്തില്‍ സംസാരിച്ച കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് പത്രസമ്മേളനത്തില്‍ പി.ജെ കുര്യനെതിരെ മോശമായി ആരോപണങ്ങള്‍ ഉന്നയിച്ച നടപടി ശരി അല്ലെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ഹാഥ് സേ ഹാഥ് ജോഡോ പദയാത്രയും കെ.പി.സി.സിയുടെ 138 രൂപ ചലഞ്ചും വിജയിപ്പിക്കുവാന്‍ കൂടിയ എക്സിക്യൂട്ടീവ് യോഗത്തില്‍ ആര്‍ക്കും എതിരെ ആരും മോശമായി സംസാരിച്ചിട്ടില്ല. ബാബു ജോര്‍ജ് പാര്‍ട്ടി നടപടി ചോദിച്ചു വാങ്ങിയതാണ്. ഡി.സി.സി. ഓഫീസിലെ കതക് തൊഴിച്ച സംഭവത്തില്‍ ബാബു ജോര്‍ജ് ഏറ്റവും അധാര്‍മികവും മാപ്പര്‍ഹിക്കാത്തതുമായ തെറ്റാണ് ചെയ്തത്. ഏറ്റവും അവസാനം ജനുവരി 30ന് ചേര്‍ന്ന പുന:സംഘടനാ സമിതി യോഗത്തില്‍ കെ.പി.സി.സി നിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ നിശ്ചയിക്കണമെന്ന് ബാബു ജോര്‍ജ് നിര്‍ബന്ധം പിടിക്കുകയും മാനദണ്ഡങ്ങള്‍ വിശദീകരിച്ചപ്പോള്‍ ബഹളം ഉണ്ടാക്കി ഇറങ്ങിപ്പോവുകയും തിരികെ വന്ന് ഡി.സി.സി ഓഫീസ് മുറിയുടെ കതക് ചവിട്ടി തുറക്കുകയുമാണ് ഉണ്ടായത് എന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നത് സി.സി.റ്റി.വി ദൃശ്യങ്ങള്‍ ആണെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണ്.
വെളിയില്‍ ഉണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി യുടെ നിര്‍ദ്ദേശപ്രകാരം ഡി.സി.സി അന്വേഷണ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉചിതമായ നടപടി സ്വീകരിക്കും.
ഡി.സി.സി പ്രസിഡന്‍റായി ഞാന്‍ ചാര്‍ജ് എടുത്ത ദിവസം മുതല്‍ ബാബു ജോര്‍ജ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുവാനും പാര്‍ട്ടി പരിപാടികള്‍ പരാജയപ്പെടുത്തുവാനും ശ്രമിച്ചെങ്കിലും ഡി.സി.സി യുടെ നേതൃത്വത്തില്‍ നടത്തിയ ആസാദി കാ ഗൗരവ് പദയാത്ര അടക്കം എല്ലാ പരിപാടികളും വന്‍ വിജയമായതും രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ കഴിഞ്ഞതും ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ്.
പ്രൊഫ. പി.ജെ കുര്യന്‍ സാര്‍ ചെയര്‍മാനായ ട്രസ്റ്റിനെക്കുറിച്ചും ബാബു ജോര്‍ജ് പരാമര്‍ശിച്ചു. ട്രസ്റ്റിലെ അംഗമെന്ന നിലയില്‍ ഒരു കാര്യം പറയട്ടെ ട്രസ്റ്റിലേക്കുള്ള സംഭാവന ചെക്ക് മുഖേനയോ ബാങ്ക് മുഖേനയോ അല്ലാതെ ഒരു പൈസയും സംഭാവന വാങ്ങുന്നില്ല. ചെക്ക് മുഖേന അല്ലാതെ ആര്‍ക്കും സഹായം കൊടുക്കുന്നില്ല. പത്തനംതിട്ട ജില്ലയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള അപേക്ഷകര്‍ക്ക് സഹായം നല്‍കുന്നുണ്ട്. ഇടപാടുകള്‍ തികച്ചും സുതാര്യമാണ്. എല്ലാ വര്‍ഷവും ചാര്‍ട്ടേഡ് അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്ന കണക്കാണ്. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ബാബു ജോര്‍ജിന്‍റെ ഡ്രൈവര്‍ക്ക് വീട് വെയ്ക്കുവാന്‍ വേണ്ടി തന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍റെ കൂടി കത്ത് വെച്ച് അപേക്ഷ തന്നതിന്‍റെ അടിസ്ഥാനത്തിലും 50,000/- രൂപാ നല്‍കി. വീണ്ടും സഹായം ആവശ്യപ്പെട്ട് കത്ത് തന്നിട്ടുണ്ട്.
മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നേതാക്കള്‍ക്ക് നേരെ ചെളിവാരിയെറിയുകയല്ല വേണ്ടതെന്നും ഗൂഢമായ ലക്ഷ്യമാണ് ഇതെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ബാബു ജോര്‍ജ് പ്രസിഡന്‍റായിരുന്ന കാലഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും നല്‍കിയ പ്രൊഫ. പി.ജെ കുര്യനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണമായും തള്ളിക്കളയുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ താന്‍ ആരുടെയും നിയന്ത്രണമില്ലാതെ എല്ലാവരേയും സഹകരിപ്പിച്ച് കൂടിയാലോചനകള്‍ നടത്തി എ.ഐ.സി.സി, കെ.പി.സി.സി നിര്‍ദ്ദേശം അനുസരിച്ചു മാത്രമാണ് പ്രവത്തിക്കുന്നെതെന്നും മറിച്ചുള്ള ബാബു ജോര്‍ജിന്‍റെ ആരോപണം സ്വന്തം അനുഭവം വെച്ചാണെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിന്‍റെ പേരില്‍ ശിക്ഷാ നടപടിക്ക് വിധേയനായ മുന്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജിന്‍റെ ഇത്തരം നടപടികളെക്കുറിച്ച് കെ.പി.സി.സി ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.