പാലക്കാട് : കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് ഒടുവില്‍ വിജയം കണ്ടത്. പ്രളയകാലത്ത് നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചെങ്കിലും ഒരാളെ രക്ഷിക്കാന്‍ ഇത്രയും സമയവും സംവിധാനവും ഉപയോഗിക്കുന്നത് ആദ്യം. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ഇന്നലെ രാത്രി സംഭവ സ്ഥലത്തെത്തിയ സൈന്യം രാത്രി തന്നെ മലമുകളിലെത്തി.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിതുടങ്ങിയത്. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ ട്രക്കിങ് തുടങ്ങി. ഒരു കിലോമീറ്റര്‍ ഉയരമുള്ള ചെറാട് മലയുടെ മുകളിലെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ ദൗത്യം എളുപ്പമായിരുന്നില്ല. കനത്ത വെയിലായതിനാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചു. ഈ സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. ഉയരത്തില്‍ നിന്ന് 400 മീറ്ററും തറനിരപ്പില്‍ നിന്ന് 600 മീറ്ററിനും ഇടയിലെ ഇടുക്കിലാണ് ബാബു കുടുങ്ങിയത്. കാലിന് ചെറിയ പരിക്കേറ്റു. വീഴ്ചക്കിടയിലും മൊബൈല്‍ ഫോണ്‍ കൈവിടാതിരുന്നത് ബാബുവിന് രക്ഷയായി. മൊബൈല്‍ ഫോണില്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബാബു താന്‍ കുടുങ്ങിയ കാര്യം വിളിച്ചറിയിച്ചു. കൂട്ടുകാര്‍ക്കും പോലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്‌ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ബാബു കുടുങ്ങിയത്. അതിന് ശേഷം ബുധനാഴ്ച ഒമ്പതരയോടെ ദൗത്യസംഘം നല്‍കിയപ്പോള്‍ മാത്രമാണ് വെള്ളം കുടിക്കുന്നത്. പാറയിടുക്കില്‍ കുടുങ്ങിയതിനാല്‍ പകല്‍ സമയത്ത് കനത്ത ചൂടാണ് അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ദാഹം അതികഠിനമായിരിക്കും. രാത്രിയിലാകട്ടെ കൊടും തണുപ്പും. രക്ഷപ്പെടുന്നതിന് മുമ്പ് വെള്ളം മാത്രമാണ് ബാബു ചോദിച്ചിരുന്നത്. ബാബുവിന് വെള്ളവും ഭക്ഷണവും നല്‍കി ആരോഗ്യവും ആത്മവിശ്വാസവും നല്‍കുക എന്നതിനാണ് ദൗത്യസംഘം ആദ്യം മുന്‍ഗണന നല്‍കിയത്. വെള്ളം ലഭിച്ചതോടെ തന്നെ ബാബു പകുതി ജീവിതത്തിലേക്ക് എത്തിയിരുന്നു. രണ്ടുകുപ്പി വെള്ളവും ലഘുഭക്ഷണവുമാണ് സംഘം ബാബുവിന് നല്‍കിയത്. കഞ്ചിക്കോട് സിവില്‍ ഡിഫന്‍സിലെ ജീവനക്കാരനായ കണ്ണനാണ് ഭക്ഷണവും വെള്ളവും എത്തിച്ചത്. പിന്നീട് ദേശീയ ദുരന്തനിവാരണ സംഘത്തിലെ ജീവനക്കാരനും ബാബുവിനടുത്തെത്തി.
തിങ്കളാഴ്ച മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റിങ്ങിനും ഭക്ഷണവും വെള്ളവും നല്‍കാനും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടിയത്. സൈന്യം രണ്ട് സംഘമായിട്ടാണ് എത്തിയത്. ബെംഗളൂരുവില്‍ നിന്നൊരു ടീമും ഊട്ടിയില്‍ നിന്ന് മറ്റൊരു ടീമുമെത്തി. മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്. കരസേനയുടെ എന്‍ജിനീയറിങ് വിഭാഗവും എന്‍ഡിആര്‍എഫുമാണ് മലമുകളില്‍ എത്തിയത്. പ്രദേശവാസികളും പര്‍വതാരോഹകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഒരു ടീം താഴെ നിന്നും രക്ഷാ പ്രവര്‍ത്തനം നടത്തി. വേഗത്തില്‍ സാധ്യമായ സ്ഥലത്തുനിന്ന് ബാബുവിനെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കാനാണ് ആദ്യം ശ്രമിച്ചത്. അത് വിജയിച്ചതോടെ സൈന്യം പകുതി വിജയിച്ചു. കഞ്ചിക്കോട് സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന സൈനികനാണ് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. ജമ്മു കശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും മലകയറി പരിചയമുള്ള സംഘങ്ങളും എവറസ്റ്റ് കയറിയവരും കൂടെയുണ്ടായിരുന്നു. പ്രദേശവാസികളായ പരിചയ സമ്പന്നരും കൂടെയുണ്ടായത് സൈനികര്‍ക്ക് വലിയ സഹായകരമായി. ഭക്ഷണവും വെള്ളം നല്‍കിയ ശേഷം ആരോഗ്യം വീണ്ടെടുത്ത ബാബുവിനെ കണ്ണനും എന്‍ഡിആര്‍എഫിലെ മറ്റൊരു ജീവനക്കാരനും അരയില്‍ ബെല്‍റ്റിട്ട് കയര്‍ മാര്‍ഗം മുകളിലെത്തിക്കുകയായിരുന്നു.
സൈന്യത്തിന്റെ സമാനതകളില്ലാത്ത രക്ഷാദൗത്യം വിജയിക്കുന്നതിന് കാരണം ബാബുവിന്റെ തളരാത്ത ആത്മവിശ്വാസവും കരുത്തും. നിര്‍ണായക ഘട്ടത്തിലൂടെ ജീവിതം കടന്നുപോയിട്ടും ബാബു മാനസികമായി തളര്‍ന്നില്ല. തിങ്കളാഴ്ചയാണ് ബാബു കുടുങ്ങിയത്. വീഴ്ചയില്‍ കാലിന് പരിക്കേറ്റു. കൈയിലെ ഫോണ്‍ രക്ഷയായി. വെള്ളം കിട്ടാതായതോടെ പ്രതിസന്ധിയിലായി. പകലിലെ കടുത്ത വെയിലും രാത്രിയിലെ തണുപ്പും തിരിച്ചടിയായി. എങ്കിലും രണ്ട് പകലും രണ്ട് രാത്രിയും ബാബു പിടിച്ചുനിന്നു. ചൊവ്വാഴ്ച രാത്രിയാണ് സൈന്യം ബാബുവിന്റെ ശബ്ദം കേള്‍ക്കുന്നത്. ഏകദേശം 200 മീറ്റര്‍ അടുത്തെത്തിയ ദൗത്യസംഘം ബാബുവുമായി സംസാരിച്ചു, ബുധനാഴ്ച ഒമ്പതരയോടെ ഭക്ഷണവും വെള്ളവും ലഭിച്ചതോടെ ബാബു ആരോഗ്യം വീണ്ടെടുത്തു. കയര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് ബാബു സജ്ജമായി. മലമുകളിലെത്തിയ ബാബു നടന്നാണ് കാത്തുനിന്നവരുടെ അരികിലെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബെംഗളൂരുവില്‍ നിന്നും ഊട്ടിയില്‍ നിന്നുമായി രണ്ട് യൂണിറ്റ് കരസേന, 40ഓളം എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ്, വനംവകുപ്പ്, നാട്ടുകാര്‍ എന്നിവരാണ് ബാബുവിനെ താഴെയെത്തിക്കാന്‍ മുന്നിലുണ്ടായിരുന്നത്. എല്ലാവരും കൈകോര്‍ത്തപ്പോള്‍ 45 മണിക്കൂറിനൊടുവില്‍ ബാബു തിരിച്ചെത്തി. വനംവകുപ്പും റവന്യൂവകുപ്പും എല്ലാ സഹായവും നല്‍കി. മുഖ്യമന്ത്രി കാര്യങ്ങള്‍ അന്വേഷിച്ചു. മുഖ്യമന്ത്രിയാണ് സൈന്യത്തിന്റെ സഹായം തേടിയത്. വനംവകുപ്പിന്റെ ഡ്രോണ്‍ ഉപയോഗിച്ചാണ് ബാബു കുടുങ്ങിയ കൃത്യമായ സ്ഥലം കണ്ടെത്തിയത്.