പത്തനംതിട്ട : വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രഉപദേശക സമിതി പ്രസിഡന്റും ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റ് ഉടമയുമായ മലയാലപ്പുഴ വെട്ടൂര്‍ മുട്ടുമണ്‍ ചാങ്ങയില്‍ ബാബുക്കുട്ടന്‍ എന്നു വിളിക്കുന്ന അജേഷ് കുമാറി (38) നെ തട്ടിക്കൊണ്ടു പോയത് കോഴിക്കോട്ട് നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ബാബുക്കുട്ടന്‍റെ മുന്‍ കാമുകിയുടെ ഭര്‍ത്താവായ ഗോവന്‍ വ്യവസായി ആണ് ക്വട്ടേഷന് പിന്നിലെന്ന് സൂചന കിട്ടി. വിവരം യുവതിക്ക് അറിവുണ്ടായിരുന്നില്ലെന്നും പറയുന്നു.
യുവതിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ബാബുക്കുട്ടന്‍റെ ഫോണിലുള്ളത് കൈക്കലാക്കാനുള്ള ശ്രമമാണ് ക്വട്ടേഷന്‍ സംഘം നടത്തിയത്. ഗുരുതരമായ പരിക്കുകളോടെ ഇയാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.50 ന് മലപ്പുറം രജിസ്ട്രേഷന്‍ ഇന്നോവ കാറില്‍ എത്തിയ അഞ്ചംഗ സംഘമാണ് വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയത്.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വാഹനത്തിന്‍റെ പിന്നിലെ ചില്ല് എറിഞ്ഞു തകര്‍ത്തു. പോലീസ് വിവിധ ജില്ലകളിലേക്ക് അലേര്‍ട്ട് നല്‍കി അന്വേഷണം വ്യാപിപ്പിക്കുകയും വാഹന പരിശോധന ശക്തമാക്കുകയും ചെയ്തതോടെ ക്വട്ടേഷന്‍ സംഘം ബാബുക്കുട്ടനെ എര്‍ട്ടിഗ കാറിലേക്ക് മാറ്റി യാത്ര തുടര്‍ന്നു. ഇതിനിടെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മുന്‍കാമുകിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ കൈവശമുണ്ടെന്നും ഫോണ്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
ചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവത്രേ. യുവതി വിവരം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കോഴിക്കോട്ടുള്ള ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നാണ് സൂചന. വെട്ടൂരിലെ വീട്ടിലെത്തി വിളിച്ചിറക്കുമ്പോള്‍ ഫോണ്‍ ഇയാളുടെ കൈവശം കാണുമെന്നായിരുന്നു സംഘം ധരിച്ചിരുന്നത്. കൊണ്ടു പോകുന്ന വഴിക്കാണ് ഫോണ്‍ വീട്ടില്‍ തന്നെയാണ് ഉള്ളതെന്ന് അറിഞ്ഞത്.
ഇതിനിടെ ഫോണ്‍ ആവശ്യപ്പെട്ട് സംഘത്തിലൊരാള്‍ ബാബുക്കുട്ടന്‍റെ മാതാവിനെ വിളിച്ചു. വിളിയുടെ ഉറവിടം പിന്തുടര്‍ന്ന് പോലീസ്, ക്വട്ടേഷന്‍ സംഘത്തിന്‍റെപിന്നാലെ കൂടി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഡിവൈ.എസ്‌പി എസ്. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് നടന്നത്. തങ്ങള്‍ വലയിലാകുമെന്ന് കണ്ടതോടെ ക്വട്ടേഷന്‍ സംഘം യുവാവിനെ ഉപേക്ഷിക്കാന്‍ തയാറായി. ഇതിനോടകം മണ്ണുത്തിയില്‍ എത്തിയ ഇവര്‍ തിരികെ വന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബാബുക്കുട്ടനെ ഇറക്കി വിട്ടു.
അവിടെ നിന്ന് ഒരു ടാക്സി വിളിച്ച് ഇയാള്‍ നാട്ടിലേക്ക് തിരിച്ചു. ഈ വിവരം അറിഞ്ഞ് എറണാകുളം റൂറല്‍ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വരുന്ന വഴി കാലടി പോലീസ് ബാബുക്കുട്ടനെ സുരക്ഷിതമായി സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് ഡിവൈ.എസ്‌പി ഓഫീസിലെ പോലീസുകാര്‍ എത്തി ഇന്നലെ പുലര്‍ച്ചെ പത്തനംതിട്ടയില്‍ കൊണ്ടു വന്നു. മര്‍ദ്ദനമേറ്റ് അവശനിലയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി ചികില്‍സ നല്‍കി.
ക്വട്ടേഷന്‍ ആക്രമണത്തില്‍ ഭയന്നു പോയ യുവാവ് ആദ്യം നടന്ന കാര്യങ്ങള്‍ പറയാന്‍ ഒരുക്കമല്ലായിരുന്നു. തനിക്ക് പരാതിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് ഇയാള്‍ക്ക് കൗണ്‍സലിങ് നല്‍കിയതോടെയാണ് കാര്യങ്ങള്‍ തുറന്നു പറയാന്‍ തയാറായത്. മലയാലപ്പുഴ പോലീസ് തട്ടിക്കൊണ്ടു പോകലിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് വധശ്രമം കൂടി ഉള്‍പ്പെടുത്തി. ക്വട്ടേഷന്‍ സംഘത്തെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതായി ഡിവൈ.എസ്‌പി പറഞ്ഞു.
മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന്‍, എസ്‌ഐമാരായ ടി. അനീഷ്, ഷെമിമോള്‍, പത്തനംതിട്ട എസ്‌ഐ ജിനു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍, സുധീഷ്, സി.പി.ഓമാരായ സുകേഷ്, ജയകൃഷ്ണന്‍, സജിന്‍, ഉമേഷ്‌കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.