ഭുവനേശ്വർ: ബുൾഡോസർ ഉപയോഗിച്ച് കമ്മ്യൂണിറ്റി സെന്റർ കെട്ടിടം നിയമവിരുദ്ധമായി പൊളിച്ചുമാറ്റിയതിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഒറീസ ഹൈക്കോടതി ഉത്തരവിട്ടു. ഇതിൽ രണ്ടു ലക്ഷം രൂപ ബന്ധപ്പെട്ട തഹസിൽദാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കണം. ജുഡീഷ്യൽ ഉത്തരവുകൾ വ്യക്തമായി ലംഘിച്ചുള്ള ഭരണകൂടത്തിന്റെ അതിരുവിട്ട നടപടികളെ കോടതി ശാസിക്കുകയും ചെയ്തു. സുപ്രീം കോടതി പുറപ്പെടുവിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാതെയാണ് കമ്മ്യൂണിറ്റി സെന്റർ പൊളിച്ചുമാറ്റിയതെന്ന് ആരോപിക്കുന്ന കേസിലാണ് ഈ വിധി.
പൊതു ഉപയോഗത്തിനുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിൽ തഹസിൽദാർ അമിതമായ തിടുക്കം കാണിച്ചതായി കണ്ടെത്തിയതിനാൽ, 10 ലക്ഷം നഷ്ടപരിഹാരമായി നൽകാൻ കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു. തെറ്റായി ഉത്തരവിട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്ന് 2 ലക്ഷം രൂപ ഗഡുക്കളായി ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ‘ഹർജിക്കാർക്ക് പലതവണ നിയമപോരാട്ടത്തിൽ ഏർപ്പെടേണ്ടി വന്നു, നിയമപരമായ ചെലവുകളും മാനസിക സംഘർഷവും സഹിക്കേണ്ടി വന്നു. ജുഡീഷ്യൽ നിർദ്ദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനം, പൊളിച്ചുമാറ്റിയ രീതിയും സമയവും കൂടിച്ചേരുമ്പോൾ, ഇത് പൊതു നിയമപ്രകാരമുള്ള നഷ്ടപരിഹാരം അർഹിക്കുന്നു,’ കോടതി പറഞ്ഞു.