പാലക്കാട് : മലമ്പുഴ ചെറാട് മലനിരകളില്‍ കുടുങ്ങിപ്പോയ ബാബുവിന്റെ രക്ഷാപ്രവർത്തനത്തിൽ അഗ്നി രക്ഷാ വിഭാഗത്തിന് വീഴ്ചയുണ്ടായതായി ആരോപണം. പാലക്കാട് ജില്ലാ അഗ്നി രക്ഷാ ഓഫീസർക്ക് ഫയർ ആന്റ് റെസ്ക്യൂ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നത് യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. ഇക്കാര്യങ്ങളിലാണ് അഗ്നി രക്ഷാ ഓഫീസർ ഋതീജിനോട് വിശദീകരണം തേടിയത്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയായിരുന്നു അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ബാബുവിനെ വീട്ടിലെത്തിച്ചത്.
ബാബുവിനെ പുറത്തെത്തിക്കാൻ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെവലാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ സംഘങ്ങള്‍, എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരക്കോടി രൂപയാണ്. മറ്റു ചിലവുകള്‍ കണക്കാക്കിവരുമ്പോഴേക്കും ചെലവായ തുക മുക്കാല്‍കോടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ചവരെ ജില്ലയിലെ അഞ്ഞൂറോളം പൊലീസുകാരുടെ സേവനം പൂര്‍ണമായും ഉപയോഗിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്ന് നാല്പത് പേരടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘം, തണ്ടര്‍ബോള്‍ട്ടിന്‍റെ 21 അംഗ സംഘം, എന്‍ഡിആര്‍ഫഎഫിന്‍റെ 25 പേരുള്ള രണ്ട് യൂണിറ്റ്, വിവിധ സന്നദ്ധ സംഘടനകള്‍, അമ്പതിലേറെ നാട്ടുകാര്‍ എന്നിവര്‍ നാൽപ്പത്തിയഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി.
കരസേനയുടെ മദ്രാസ് റജിമെന്‍റല്‍ സെന്‍ററിലെ ഒന്പത് അംഗ സംഘം റോഡ് മാര്‍ഗം സ്ഥലത്തെത്തി. ബംഗലൂരുവില്‍ നിന്നുള്ള 21 പേരടങ്ങുന്ന പാരാ കമാന്‍റോസ് കോയമ്പത്തൂര്‍ സൂലൂര്‍ സൈനിക താവളത്തിലിറങ്ങി റോഡ് മാര്‍ഗം മലമ്പുഴയിലെത്തി. കോസ്റ്റ്ഗാര്‍ഡിന്‍റെയും സൂലൂര്‍ വ്യാമതാവളത്തിലെയും ഹെലികോപ്റ്ററുകളും രക്ഷാ ദൗത്യത്തിന് ഉപയോഗിച്ചു. ഒരു വ്യക്തിയുടെ രക്ഷാ പ്രവര്‍ർത്തനത്തിന് മാത്രം ഇത്രയധികം തുക ഖജനാവിന് ചെലവഴിക്കേണ്ടി വന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്.