തിരുവല്ല: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയകാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുവാൻ “തിരികെ സ്കൂളിൽ” ക്യാമ്പയിൻ സഹായിക്കുമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ. തിരുവല്ല ക്രൈസ്റ്റ് സ്കൂളിൽ നടന്ന “തിരികെ സ്കൂളിൽ” ക്യാമ്പയിനിൽ അയൽക്കൂട്ട അംഗങ്ങളോട് സംവദിക്കുക ആയിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിപ്പോയ 46 ലക്ഷം അയല്‍ക്കൂട്ട വനിതകളെ സ്കൂളിൽ എത്തിച്ചു കൊണ്ട് നടത്തുന്ന ഈ ക്യാമ്പയിൻ ഒക്ടോബര്‍ ഒന്നിനാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.
അവധി ദിനങ്ങളില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്രയും വിപുലമായ ഒരു തുടർ വിദ്യാഭ്യാസ പദ്ധതി ലോകത്തു തന്നെ അപൂർവ്വമായിരിക്കും. സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ് നടന്നത്. ആദ്യം അസംബ്ളി, ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിച്ചു. 9:45ന് ക്ലാസുകള്‍ ആരംഭിച്ചു. സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്‍റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് ക്ലാസ്സ് നടത്തിയത്. പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാരാണ് അധ്യാപകരായി എത്തിയത്.
ക്രൈസ്റ്റ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ തോമസ് ചെമ്പിപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർമാരായ ഷിനു ഈപ്പൻ, ഇന്ദു ചന്ദ്രൻ, വെസ്റ്റ് സി ഡി എസ് ചെയർപേഴ്സൺ ഇന്ദിരാ ഭായ്, സിറ്റി മിഷൻ മാനേജർ അജിത് എസ്, കമ്മ്യൂണിറ്റി ഓർഗനൈസർ അനു വി ജോൺ, അക്കൗണ്ടന്റ് മോൻസി എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത അയൽക്കൂട്ട അംഗങ്ങളിൽ നിന്നും നറുക്കെടുപ്പിൽ വിജയികൾ ആയ മൂന്നു പേർക്ക് തിരുവല്ല ജോയ് ആലുക്കാസ് സമ്മാനം നൽകി. കൂടാതെ എം.എൽ.എ, റിസോഴ്സ് പേഴ്സന്മാർ, ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ എന്നിവരെ ആദരിച്ചു. 2,37,38,39 വാർഡുകളിലെ 25 അയൽക്കൂട്ടങ്ങളിൽ നിന്നുള്ള 386 അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു. ക്ലാസ്സിന്റെ ഭാഗമായി കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉച്ച ഭക്ഷണം, ചായ, ലഘു ഭക്ഷണം എന്നിവ വിതരണം ചെയ്തു.