കൊച്ചി : മാധ്യമം പത്രത്തിനെതിരായ കേസിൽ പോലിസിന് തിരിച്ചടി. പത്രത്തിനെതിരായ പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു. മാധ്യമം ലേഖകന്റെ ഫോൺ ഹാജരാക്കണമെന്ന നോട്ടിസ് കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് കെ വി ജയകുമാറിന്റെ സിംഗിൾ ബെഞ്ചിന്റെതാണ് ഉത്തരവ്. ജൂലൈ 22നാണ് പിഎസ്സി രജിസ്റ്റർ ചെയ്ത 65 ലക്ഷം ഉദ്യോഗാർഥികളുടെ ലോഗിൻ വിവരം ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ച വാർത്ത ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്. കേരള പോലീസിന്റെ സൈബർ സുരക്ഷ പരിശോധന വിഭാഗമായ ‘കേരള പോലിസ് ഡാർക്ക് വെബ് ഇൻവെസ്റ്റിഗേഷൻ ടീം’ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. പിഎസ്സി ഡോ. എം ആർ ബൈജുവിന് ഇതിൽ റിപ്പോർട്ട് നൽകിയ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് ‘ടു ഫാക്ടർ ഓതന്റിഫിക്കേഷൻ’ ഉൾപ്പെടുത്തി ഉദ്യോഗാർഥികളുടെ യൂസർ ലോഗിൻ
സുരക്ഷിതമാക്കാനും നിർദേശം നൽകിയിരുന്നു.
ഡാർക്ക് വെബിൽനിന്ന് പോലിസ് കണ്ടെത്തിയ യൂസർ ഐഡികളും ലോഗിൻ വിവരങ്ങളും യഥാർഥ ഉദ്യോഗാർഥികളുടെ വിവരങ്ങൾ തന്നെയാണെന്നു പോലീസ് ഉറപ്പിച്ചിരുന്നതായാണു മാധ്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്ത വസ്തുതവിരുദ്ധമാണെന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ഡാർക്ക് വെബിലേക്ക് വിവരങ്ങൾ ചോരാനുള്ള ‘സാധ്യത’ കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതൽ ഒടിപി സംവിധാനം ഏർപ്പെടുത്തിയതെന്നുമായിരുന്നു പിഎസ്സി വിശദീകരണം. ഡിജിപിയുടെ റിപോർട്ട് ചർച്ച ചെയ്യാൻ മേയ് 27ന് ചേർന്ന കമ്മീഷന്റെ അതിരഹസ്യസ്വഭാവമുള്ള ഔദ്യോഗിക കുറിപ്പ് ജൂലൈ 28ന് പത്രത്തിലൂടെ പുറത്തുവന്നത്.
രഹസ്യസ്വഭാവമുള്ള രേഖ ‘മാധ്യമം’ ലേഖകന് ആര് നൽകിയെന്ന് കണ്ടെത്താൻ പിഎസ്സിയുടെ പരാതിയിൽ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പുറമെ വാർത്ത ലഭിച്ച ഉറവിടവും ഇമെയിൽ അടക്കമുള്ള വ്യക്തികത വിവരങ്ങൾ നൽകണം എന്ന് പോലിസ് അറിയിക്കുകയായിരുന്നു. ഇത് പറയാൻ കഴിയില്ലെന്ന് അറിയിച്ചതോടെ കഴിഞ്ഞ ദിവസം ചീഫ് എഡിറ്ററോടും രേഖ എങ്ങനെ ലഭിച്ചെന്ന് 48 മണിക്കൂറിനുള്ളിൽ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു നോട്ടിസ് കൂടി ക്രൈംബ്രാഞ്ച് നൽകുകയായിരുന്നു.