കൊച്ചി : ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍ ഐ.ബി ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍, പോലീസ് ഉദ്യോഗസ്ഥരായിരുന്ന എസ്.വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, പി.എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. നാല് പേരും സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ സി.ബി.ഐ യുടെ എതിര്‍പ്പ് അവഗണിച്ച് കോടതി അനുവദിക്കുകയായിരുന്നു.
ഗൂഢാലോചനയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും , സി ബി ഐ കേസ് കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ നാല് പേരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ വാദിച്ചു. ഹര്‍ജിക്കാരായ നാല് പേര്‍ക്കും ഇടക്കാല മുന്‍കൂര്‍ ജാമ്യം കോടതി നേരത്തെ അനുവദിച്ചിരുന്നു.