കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപതട്ടിപ്പിലെ മുഖ്യ പ്രതി തോമസ് ദാനിയേല്‍ എന്ന പോപ്പുലര്‍ റോയിക്ക് ജാമ്യം കിട്ടിയത് അച്ചാരമാണോ ആചാരമാണോ എന്നറിയില്ലെന്ന് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ പ്രതികരിച്ചു. റോയിയുടെ ജാമ്യഹര്‍ജിയില്‍ മാസങ്ങള്‍ നീണ്ടുനിന്ന വാദമാണ് നടന്നത്. മുപ്പതിനായിരത്തോളം നിക്ഷേപകര്‍ തട്ടിപ്പിനിരയായ കേസ് ആയിട്ടൂപോലും കേസ് തുടര്‍ച്ചയായി മാറ്റിവെച്ചു. മാസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസമാണ് തോമസ് ദാനിയേലിന് കോടതി ജാമ്യം അനുവദിച്ചത്. പോപ്പുലര്‍ കേസില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടായതായി സംശയിക്കുന്നെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നിക്ഷേപകന്‍ പറഞ്ഞു. കോടതിയില്‍ ആയിരുന്നു ഏക പ്രതീക്ഷ, അതും ഇപ്പോള്‍ നഷ്ടമായി, ജീവിക്കാന്‍ ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിക്ഷേപകന്‍ കണ്ണീരൊഴുക്കി പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ ഒന്നും ശരിയായ സമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. കേസിന്റെ തുടക്കത്തില്‍ പ്രതികളെ സഹായിച്ചത് കേരളാ പോലീസ് ആയിരുന്നു. നിക്ഷേപകരുടെ പരാതിയില്‍ കേസ് എടുക്കുവാന്‍ പോലും കേരളാ പോലീസ് തയ്യാറായിരുന്നില്ല. നിക്ഷേപകര്‍ ഹൈക്കോടതിയില്‍ തുടര്‍ച്ചയായി ഹര്‍ജികള്‍ ഫയല്‍ ചെയ്തപ്പോള്‍ മാത്രമാണ് അന്വേഷണം അല്‍പ്പമെങ്കിലും പുരോഗമിച്ചത്. ബഡ്സ് നിയമവും കോടതിയും കേരളത്തില്‍ വന്നതിന്റെ കാരണവും പോപ്പുലര്‍ നിക്ഷേപകരുടെ ഈ നിയമയുദ്ധമായിരുന്നു. എന്നാല്‍ ബഡ്സ് കോടതി കണ്ടുകെട്ടിയ സ്വത്തുവകകള്‍ യഥാസമയം ലേലം ചെയ്ത് പണം സ്വരൂപിക്കുന്നതില്‍ ആര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ആഡംബര കാറുകള്‍ മഴയും വെയിലുമേറ്റ് നശിച്ചു. ലക്ഷങ്ങള്‍ ലഭിക്കുമായിരുന്ന ആ കാറുകള്‍ ആക്രിക്കടകളിലേക്ക് മാത്രമേ ഇനിയും കൊണ്ടുപോകുവാന്‍ കഴിയൂ.
കോടികള്‍ ഇപ്പോഴും കൈവശമുള്ള പ്രതികള്‍ക്കൊപ്പമാണ് പലരും. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പിന്തുണ നല്‍കുവാനോ സഹായം നല്‍കുവാനോ ആരും തയ്യാറല്ല. പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. കോടതിയുടെ ഇടപെടലുകള്‍ പലപ്പോഴും നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കാറുണ്ട്. എന്നാല്‍ മുഖ്യപ്രതിക്ക് ജാമ്യം നല്‍കിയതിലൂടെ നിക്ഷേപകരുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു സമുദായം ഒന്നായി പ്രതികള്‍ക്ക് പിന്തുണയുമായി അണിയറയില്‍ ഉണ്ടെന്നാണ് വിവരം. സഭാ പിതാക്കന്മാര്‍ പറയുന്നതിന് അപ്പുറം കുഞ്ഞാടുകള്‍ ആരും ചലിക്കില്ല. അതുകൊണ്ടുതന്നെ ഈ സമുദായത്തില്‍പ്പെട്ടവരുടെ പരാതികള്‍ വളരെ കുറവാണ്. സഭാ പിതാക്കന്മാരുടെ നേരിട്ടുള്ള ഇടപെടല്‍ ആണ് പരാതികള്‍ കുറയുവാന്‍ കാരണം. അണിയറയില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലക്ക് പിന്നിലും കുപ്പായക്കീശയില്‍ ഒളിപ്പിച്ച പണത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് നിക്ഷേപകര്‍ കരുതുന്നു.
അംഗബലം കൊണ്ടും പ്രവര്‍ത്തനംകൊണ്ടും മുന്നില്‍ നിന്നിരുന്ന സംഘടനയായിരുന്നു പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷന്‍ (പി.എഫ്.ഡി.എ). ഈ സംഘടനയില്‍ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കുന്നതില്‍ പോപ്പുലര്‍ പ്രതികളുടെ ശ്രമം വിജയംകണ്ടു. സംഘടനയുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് മൂക്കുകയറിടുവാന്‍ ചില ഭാരവാഹികള്‍ക്ക് കഴിഞ്ഞു. ഇതിലൂടെ പോപ്പുലര്‍ പ്രതികളുടെ സംരക്ഷണമായിരുന്നു ഇവര്‍ ലക്‌ഷ്യം വെച്ചിരുന്നത്. പലരുടെയും നിക്ഷേപങ്ങള്‍ തിരികെ ലഭിച്ചുവെന്നും അതിലുപരി ചില നേട്ടങ്ങള്‍ ഇവര്‍ക്കൊക്കെ ലഭിച്ചെന്നുമാണ് നിക്ഷേപകര്‍ പറയുന്നത്. ഇതിനെ സാധൂകരിക്കുന്ന നിലപാടുകളാണ് പിന്നീട് ഇവരില്‍നിന്നും ഉണ്ടായത്. സംഘടനയുടെ മുന്‍ പ്രസിഡന്റ് സി.എസ്. നായരെ ഒതുക്കിയതിനു പിന്നിലും ഈ ലോബിയാണ്. നിക്ഷേപകരെ ഒരു കരക്കിരുത്തി തങ്ങള്‍ക്ക് നേട്ടം കൊയ്യാമെന്നും പോപ്പുലര്‍ പ്രതികളെ രക്ഷപെടുത്താമെന്നും ഇവര്‍ കരുതുന്നു. ഇതിനുള്ള നീക്കങ്ങളും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.