കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ. എല്ലാ തിങ്കളാഴ്ചയും പി പി ദിവ്യ 10 മണിക്കും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി. പി പി ദിവ്യ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. പതിനൊന്ന് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.
അതേസമയം ദിവ്യയ്ക്ക് ജാമ്യം നല്‍കിയ നടപടി നവീന്‍ ബാബുവിന്റെ പങ്കാളി മഞ്ജുഷ പ്രതികരിച്ചു. പ്രതികരിക്കാന്‍ പരിമിതികളുണ്ട്. ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്നും മഞ്ജുഷ പറഞ്ഞു. ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ദിവ്യക്ക് തെറ്റ് പറ്റിയെന്നും ആ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കേഡറെ കൊല്ലാനല്ല തിരുത്താനാണ് ശ്രമിക്കുന്നത്. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.