ദില്ലി: ബജ്‌രംഗ്ദളിന്റെ പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് സുരക്ഷ കൂട്ടി. കര്‍ണാടകത്തിലെ പ്രകടന പത്രികയിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നത്. അധികാരത്തില്‍ വന്നാല്‍ ബജ്‌രംഗദളും പോപ്പുലര്‍ ഫ്രണ്ടും പോലെ, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പരാമര്‍ശം. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ ഒരു പ്രധാന വാഗ്ദാനം. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് ബജ്‌രംഗദളും പോപ്പുലര്‍ ഫ്രണ്ടുമാണ്.
അതേസമയം പ്രകടന പത്രികയില്‍ ബജ്റംഗ്ദളിനെ നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) തുലനം ചെയ്തതിന് വിശ്വഹിന്ദു പരിഷത്ത് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു.’ഇന്ന് കോണ്‍ഗ്രസ് ബജ്റംഗ്ദളിനെ ദേശവിരുദ്ധവും നിരോധിതവുമായ പിഎഫ്ഐയുമായി താരതമ്യം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്. രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കില്ല. ബജ്റംഗ്ദള്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നു, എല്ലാ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും ഇതിന് ഉത്തരം നല്‍കും, വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.