കൊച്ചി : ബാലഭാസ്‌കറിന്റെ മരണം. അന്ന് പുറത്ത് വന്ന കഥകള്‍ കേട്ടപ്പോഴേ മലയാളികള്‍ ഉറപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ മരണം യാഥൃശ്ചികമല്ല. ആരോ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന്.
പലപ്പോഴായി സംശിച്ചവരുടെ പലമുഖങ്ങള്‍ വെളിവാകുകയും ചെയ്തു. അവസാനം ബാലഭാസ്‌കറിന്റെ കുടുംബത്തിന് നീതി ഉറപ്പിച്ച് സിബിഐ എത്തിയിരിക്കുകയാണ്. മകന്റെ മരണത്തില്‍ ഏറെ സംശയങ്ങളുണ്ടെന്നും താന്‍ സംശയിച്ചിരുന്ന ചിലര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിലും പ്രതികളായതോടെ ദുരൂഹത വര്‍ദ്ധിച്ചെന്നാണ് വിതുമ്പലോടെ പിതാവ് സി.കെ. ഉണ്ണി സി.ബി.ഐയ്ക്ക് മൊഴിനല്‍കിയത്.
മൊഴി നല്‍കുമ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പലഘട്ടങ്ങളിലും പൊട്ടിക്കരയുന്ന അവസ്ഥയിലായിരുന്നു. ബാലുവിന്റെ ഓര്‍മ്മകള്‍ പലപ്പോഴും നെടുവീര്‍പ്പിലവസാനിച്ചു. അപകടസമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജുനായിരുന്നെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന് ബന്ധമില്ല. വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ല. ബാലുവിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശന്‍. മാനേജരോ സ്ഥിരം ജീവനക്കാരനോ അല്ല.
ബാലഭാസ്‌കറുമായി പ്രകാശ് തമ്പി അടുപ്പത്തിലാകുന്നതു ജിംനേഷ്യത്തിലാണ്. ബാലുവിന്റെ ട്രെയിനറായിരുന്നു തമ്പി. ഇതിനിടെ വിദേശത്തു പോയപ്പോള്‍ സംഗീതപരിപാടികള്‍ ഏകോപിപ്പിക്കുന്ന ജോലിയും തമ്പി ഏറ്റെടുത്തു. മറ്റ് പലരും ഈ ജോലി ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കാലം മുതല്‍ ബാലുവിന്റെ പരിചയക്കാരനാണ് വിഷ്ണു. വന്‍ഹോട്ടലുകളില്‍ അടുക്കള നിര്‍മ്മാണത്തിന് സാധനങ്ങള്‍ നല്‍കുന്ന ബിസിനസില്‍ ബാലുവും പങ്കാളിയായിരുന്നു.
പാലക്കാട് ആയുര്‍വേദ ആശുപത്രി നടത്തുന്ന ലതയെ സംഗീത പരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ഒരു തവണ പണം കടം നല്‍കിയെന്നല്ലാതെ പിന്നീട് സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിട്ടില്ല. ബാലു പണം കൈകാര്യം ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ക്ഷേത്രദര്‍ശനത്തിനു ശേഷം തൃശൂരില്‍ നിന്ന് രാത്രിയില്‍ തന്നെ മടങ്ങാന്‍ തീരുമാനിച്ചത് ബാലുവാണ്. ഒരു സിനിമയുടെ സംഗീത ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നതിനാലാണിത്. തൃശൂരില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് ബാലുവിന് ഒരു ഫോണ്‍ വന്നതൊഴിച്ചാല്‍ പിന്നെ വിളികളുണ്ടായിട്ടില്ല.
അപകടമുണ്ടായപ്പോള്‍ മകളെ ഉറക്കാനുള്ള ശ്രമത്തിലായിരുന്നു താന്‍.
ബാലു പിന്‍സീറ്റിലും താന്‍ മുന്‍സീറ്റിലുമായിരുന്നു. അര്‍ജുനായിരുന്നു ഡ്രൈവര്‍. കാറിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിവാഹത്തില്‍ അണിയാന്‍ ലോക്കറില്‍ നിന്നെടുത്തതാണ്. കൊല്ലത്ത് എത്തി കാര്‍ നിറുത്തി ബാലുവും ഡ്രൈവറും ജ്യൂസ് കുടിച്ചു. അതിനു ശേഷവും അര്‍ജുന്‍ തന്നെയാണ് ഓടിച്ചത്. പെട്ടെന്ന് കാര്‍ വെട്ടിക്കുന്നതായി തോന്നി. നെറ്റി ഇടിച്ചു. പിന്നീട് ഒന്നും ഓര്‍മ്മയില്ല. എന്നാണ് പൊട്ടിക്കരച്ചിലോടെ ലക്ഷ്മി മൊഴിനല്‍കിയത്.