ആലപ്പുഴ: ബിജെപി കേരളഘടകത്തിന് നേരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ആര്‍.ബാലശങ്കര്‍. ബിജെപി സംസ്ഥാന നേതൃത്വം കൈക്കൊളളുന്ന വികലമായ കാഴ്‌ചപ്പാട് കാരണം ഈ നേതൃത്വവുമായി മുന്നോട്ട് പോയാല്‍ അടുത്ത മുപ്പത് കൊല്ലത്തേക്ക് ബിജെപിയ്‌ക്ക് ഒരു വിജയ സാദ്ധ്യതയും സംസ്ഥാനത്തില്ലെന്നും ബാലശങ്കര്‍ തുറന്നടിച്ചു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പരിഗണിച്ചിരുന്ന സ്ഥാനാര്‍ത്ഥിയായിരുന്നു ബാലശങ്കര്‍. ബിജെപി ആലപ്പുഴ ജില്ല അദ്ധ്യക്ഷന്‍ എം.വി ഗോപകുമാറിനെയാണ് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
സി.പി.എമ്മുമായുളള ഡീലിന്റെ ഭാഗമായാണ് തന്നെ ഒഴിവാക്കിയത്. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്‌ത്യന്‍ മത വിഭാഗങ്ങളും തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ അറിയിച്ചിരുന്നതായും ജയസാധ്യതയുണ്ടായിരുന്ന മണ്ഡലമായിരുന്നു ചെങ്ങന്നൂരെന്നും ബാലശങ്കര്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന വിഭാഗത്തിന്റെ സഹ കണ്‍വീനറാണ് ആര്‍.ബാലശങ്കര്‍.
ബിജെപിയെ മണ്ഡലത്തില്‍ എന്‍.എസ്.എസ് പിന്തുണയ്‌ക്കുന്നില്ലെങ്കിലും തന്നെ പിന്തുണയ്‌ക്കാമെന്ന് അറിയിച്ചിരുന്നു. തന്റെ ജന്മനാടാണ് ചെങ്ങന്നൂര്‍. ഇവിടെ മുപ്പതിനായിരത്തോളം വോട്ടുകള്‍ ബിജെപിയ്‌ക്കുണ്ട്. മറ്റ് വിഭാഗത്തിന്റെ വോട്ട് ലഭിക്കുമ്പോള്‍ വിജയസാദ്ധ്യത ഉണ്ടാകും. ഈ സാദ്ധ്യതയാണ് ഇപ്പോള്‍ കളഞ്ഞത്.
സിപിഎമ്മും ബിജെപിയുമായി ഒരു ഡീല്‍ ഇതിനു പിന്നിലുണ്ടാകാമെന്നും ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിനെ ജയിപ്പിച്ചാല്‍ കോന്നിയില്‍ പകരം വിജയിപ്പിക്കാമെന്നതാകാം ഈ ഡീലെന്ന് ബാലശങ്കര്‍ ആരോപിച്ചു. രണ്ട് എ പ്ളസ് മണ്ഡലങ്ങളിലെ വിജയസാദ്ധ്യത കളഞ്ഞുകുളിച്ചു. കോന്നിയില്‍ മൂന്നാം സ്ഥാനത്ത് വന്നയാള്‍ എന്തിന് അവിടെയും മഞ്ചേശ്വരത്തും മത്സരിക്കുന്നെന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റര്‍ യാത്രയെ വിമര്‍ശിച്ച ആള്‍ എന്തിന് ഹെലികോപ്‌റ്റര്‍ വാടകയ്‌ക്കെടുത്തു എന്നും വ്യക്തമാക്കണം. ജനകീയനായ നേതാവല്ല, മത്സരിച്ച എല്ലായിടത്തും തോറ്റയാളാണ് കെ.സുരേന്ദ്രന്‍. നരേന്ദ്രമോദിയൊന്നുമല്ലല്ലോ ഈ മത്സരിക്കുന്നത്, ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന നേതൃത്വമാണെന്നും ബാലശങ്കര്‍ പറഞ്ഞു. ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കരുതെന്ന് നിര്‍ബന്ധബുദ്ധിയാണിവര്‍ക്കെന്നും ബാലശങ്കര്‍ ആരോപിച്ചു.
തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അമിത്‌ഷായ്‌ക്കും പ്രധാനമന്ത്രിക്കും അറിവുണ്ടായിരുന്നെന്നും താന്‍ കേരളത്തില്‍ നിന്ന് ജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ് സംസ്ഥാന നേതൃത്വത്തിനെന്നും ബാലശങ്കര്‍ പറഞ്ഞു. ഒരു ഫ്രഷ് എയര്‍ അല്ലെങ്കില്‍ ന്യൂ തിങ്കിംഗ് ഉണ്ടായാലേ ബിജെപി സംസ്ഥാനത്ത് വളരാനാകൂവെന്ന് ബാലശങ്കര്‍ അറിയിച്ചു.
ജോസ്.കെ മാണിയുമായി നല്ല ബന്ധമാണുളളത്. ബി.ജെ.പിയുടെ ഭാഗമാകാന്‍ അദ്ദേഹം തയ്യാറായിരുന്നു എന്നാല്‍ മന്ത്രിസ്ഥാനത്തിനും തങ്ങളുടെ പദവികളും നഷ്‌ടമാകുമെന്ന് ഭയന്നാണ് ചിലര്‍ കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാതിരുന്നത്. വളരെ ആദര്‍ശാത്മകമായ ഫോര്‍മാറ്റാണ് കേരളത്തിലെ രാഷ്‌ട്രീയ രൂപഘടന. മുഖ്യമന്ത്രി ഹെലികോപ്‌റ്ററില്‍ പോകുന്നത് പോലും ഇഷ്‌ടമാകാത്ത മനസ്. അവിടെ കയറാനായാലേ സംസ്ഥാനത്ത് ബിജെപിക്ക് വളരാനാകൂവെന്നും ആര്‍.ബാലശങ്കര്‍ അഭിപ്രായപ്പെട്ടു.