പെഷാവർ: ആഭ്യന്തരസംഘർഷം രൂക്ഷമായ പാക് പ്രവിശ്യയായ ബലൂചിസ്താനിൽ പ്രമുഖ ബലൂച് മാധ്യമപ്രവർത്തകൻ അബ്ദുൾ ലത്തീഫിനെ അക്രമികൾ വെടിവെച്ചുകൊന്നു. ശനിയാഴ്ച പുലർച്ചെ മൂന്നോടെ അവരാൻ ജില്ലയിലെ മഷ്‌കായിലുള്ള വീടിനുള്ളിലാണ് കൊലപാതകം. ഭാര്യയും മക്കളും നോക്കിനിൽക്കേയാണ് കൊലയാളികൾ ലത്തീഫിനുനേരേ വെടിയുതിർത്തത്. പാക് സർക്കാരിന്റെ പിന്തുണയുള്ള ഭീകരരാണ് കൊലനടത്തിയതെന്ന് ബലൂച് മനുഷ്യാവകാശസംഘടനയായ ബലൂച് യക്ജെഹ്തി കമ്മിറ്റി (ബിവൈസി) പറഞ്ഞു. ബലൂചിസ്താനിലെ മനുഷ്യാവകാശധ്വംസനങ്ങളും ബലൂച് ജനതയുടെ ചെറുത്തുനിൽപ്പുമാണ് ലത്തീഫ് പ്രധാനമായും റിപ്പോർട്ട് ചെയ്തിരുന്നത്.
വിയോജിപ്പുകളെ അടിച്ചമർത്താനും ബലൂചികളെ വംശഹത്യചെയ്യാനുമുള്ള പാകിസ്താന്റെ ‘കൊന്നു കുഴിച്ചുമൂടൽ’ നയംതന്നെയാണ് ലത്തീഫിന്റെ കൊലപാതകത്തിനു പിന്നിലെന്ന് ബിവൈസി പറഞ്ഞു. മനുഷ്യത്വത്തിനുനേരേയുള്ള ഈ കുറ്റകൃത്യത്തിനെതിരേ മൗനം വെടിയാൻ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്രമാധ്യമങ്ങളോടും പത്രസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന സംഘടനകളോടും കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാനുംമാസംമുൻപ് ലത്തീഫിന്റെ മകൻ സെയ്ഫ് ബലൂചിനെയും കുടുംബത്തിലെ ഏഴ് അംഗങ്ങളെയും പാക് സുരക്ഷാസേന പിടിച്ചുകൊണ്ടുപോയിരുന്നു. പിന്നീട് ഇവരെയെല്ലാം മരിച്ചനിലയിൽ കണ്ടെത്തി.
പ്രകൃതിവിഭവത്താൽ സമ്പന്നമായ ബലൂചിസ്താനെ പാകിസ്താൻ അവഗണിക്കുന്നുവെന്നാണ് ബലൂചികളുടെ പരാതി. ഇക്കാരണം പറഞ്ഞ് ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎൽഎ) ഇടയ്ക്കിടെ ആക്രമണം നടത്താറുണ്ട്. ‘ഓപ്പറേഷൻ സിന്ദൂറി’നു പിന്നാലെ ബലൂച് നേതാവ് മിർ യാർ ബലൂച് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും തങ്ങളെ പാകിസ്താൻകാർ എന്നു വിളിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. തങ്ങളെ പിന്തുണയ്ക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിക്കുകയും ചെയ്തു.