കൊച്ചി: സിപിഎം സംസ്ഥാന സമിതിയിൽ ഇ.പി.ജയരാജനെതിരെ പി.ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചതോടെ കേരളരാഷ്ട്രീയത്തിൽ ചൂടൻ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. ഇ.പിക്കെതിരെ ആരോപണം ഉന്നയിച്ചതോടെ പി.ജയരാജനെതിരെയും പരാതികൾ ഉയരുന്നു. സിപിഎമ്മിലെ അസ്വാരസ്യങ്ങൾ ഇതോടെ പുറത്ത് വന്നിരിക്കുന്നു എന്നാണ് പ്രതിപക്ഷ വിമർശനം. ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ വി.ടി ബൽറാം രംഗത്ത്.
മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ എന്നാണ് ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. ബൽറാമിന്റെ കുറിപ്പ് ഇങ്ങനെ: ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട് താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്.
പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്!. മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ? കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി.ജയരാജൻ പറഞ്ഞത്.
പാർട്ടിയുടെ താൽപര്യത്തിൽനിന്നും നാടിന്റെ താൽപര്യത്തിൽനിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി.ജയരാജൻ പിന്നീട് പ്രതികരിച്ചു. ഇ.പി. ജയരാജനെതിരെ സാമ്പത്തിക ആരോപണം പുറത്തുവന്നതിനു പിന്നാലെ പി.ജയരാജനെതിരെ സിപിഎം കേന്ദ്ര– സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി പ്രവാഹം. പി.ജയരാജന് ക്വട്ടേഷന്‍ ബന്ധമെന്നും തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതികളിലുണ്ട്. എന്നാല്‍ ആരോപണം പുറത്തുവന്ന ശേഷം പി.ജയരാജനും ഇ.പി.ജയരാജനും തമ്മില്‍ കണ്ടിരുന്നു. പാനൂര്‍ കടവത്തൂരില്‍ ലീഗ് നേതാവിന്‍റെ മകന്‍റെ കല്യാണത്തിന് ഇരുവരും എത്തി. പൊട്ടന്‍കണ്ടി അബ്ദുല്ലയുടെ വീട്ടിലാണ് ഇരുവരും എത്തിയത്. ഒരുമിച്ചിരുന്ന് സംസാരിച്ചശേഷമാണ് മടങ്ങിയത്.