കോഴിക്കോട് : ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിനിമ താരവുമായ ധര്‍മ്മജന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ചു. കോഴിക്കോട് നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ദിനേശ് പെരുമണ്ണ, കെ. രാഘവന്‍ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സ്ഥാനാര്‍ത്ഥികള്‍ കാന്തപുരത്തെ കണ്ടത്.
ബാലുശ്ശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധര്‍മ്മജന്‍ റോഡ്‌ഷോ നടത്തി. ധര്‍മ്മജനൊപ്പം രമേഷ് പിഷാരടി കൂടി പങ്കെടുത്ത റോഡ് ഷോയില്‍ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. പൂനൂരില്‍ നിന്ന് ആരംഭിച്ച റോഡ് ഷേയില്‍ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ അണിനിരന്നു. ബാലുശ്ശേരി ടൗണ്‍ വരെ 7 കിലോമീറ്റര്‍ ദൂരമാണ് പ്രചരണ വാഹനങ്ങള്‍ സഞ്ചരിച്ചത്. ധര്‍മ്മജന്റെ പ്രചാരണത്തിനായി കൂടുതല്‍ സിനിമാ താരങ്ങളെത്തുമെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയില്‍ വിജയപ്രതീക്ഷയോടെ തന്നെയാണ് പോരാട്ടത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.