കൊച്ചി : ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലാബുകളിൽ കോവിഡ് ആൻറിജന്‍ ടെസ്റ്റിന് കർശന നിരോധനം ഏർപ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടു. 90 ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്സിന് ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിനുശേഷമാണ് ആൻറിജന്‍ ടെസ്റ്റ് നിര്‍ത്താന്‍ തീരുമാനമായത്.
അടിയന്തര സാഹചര്യത്തില്‍ ഡോക്ടമാര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇനി മുതല്‍ അനുവദിക്കൂ. സ്വകാര്യ ലാബുകള്‍ ഒരു കാരണവശാലും ആൻറിജന്‍ ടെസ്റ്റ് നടത്താന്‍ പാടില്ല. സര്‍ക്കാര്‍ /സ്വകാര്യ ലാബുകളില്‍ ലാബിെൻറ ശേഷി അനുസരിച്ച് ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്താം. സാമ്പിൾ കലക്ഷനുശേഷം 12 മണിക്കൂറിനകം പരിശോധനഫലം നല്‍കണം. എല്ലാ പരിശോധനഫലങ്ങളും ലാബ് ഡയഗ്നോസിസ് മാനേജ്മെൻറ് സിസ്റ്റം പോര്‍ട്ടലില്‍ അതേ ദിവസം തന്നെ അപ്ലോഡ് ചെയ്യണം. അപൂര്‍ണവും വ്യക്തവുമല്ലാത്ത വിവരങ്ങള്‍ നല്‍കരുതെന്നും ഉത്തരവിലുണ്ട്.
സര്‍ക്കാര്‍ /സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ആൻറിജന്‍ ടെസ്റ്റ് നടത്താവൂ. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായോ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കോ ആൻറിജന്‍ നടത്തരുത്. ആവശ്യമെങ്കില്‍ കൂട്ടിരിപ്പുകാര്‍ക്ക് ആര്.ടി.പി.സി.ആര് നടത്തി ആറു മണിക്കൂറിനകം ഫലം ലഭ്യമാക്കണം. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി.
ജില്ല ആരോഗ്യവിഭാഗം ലാബുകളിലെയും ആശുപത്രികളിലെയും ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന പതിവായി നടത്തുന്നതായിരിക്കും. കോവിഡ് പരിശോധനഫലങ്ങള്‍ അപ്ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും. തങ്ങളുടെ ശേഷിയെക്കാള്‍ അധികമായി പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണം. പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ട് എല്ലാ ദിവസവും കലക്ടര്‍ക്ക് സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.