ബംഗളൂരൂ യാത്രാ പ്ലാനുകളിൽ പല തവണ ഇടം നേടിയിട്ടും പോകാൻ സാധിക്കാതെ പോയ സ്ഥലങ്ങളിലൊന്നാണ് മിക്കവർക്കും മൈസൂർ. ബംഗളൂരൂവിനോട് ഏറ്റവും അടുത്തു കിടക്കുന്ന നഗരങ്ങളിലൊന്നാണെങ്കിലും ബ്ലോക്കും വെയിലിലെ യാത്രയുമെല്ലാം ആളുകളെ ഇവിടേക്ക് പോകാന്‍ ബുദ്ധിമുട്ടിലാക്കുന്നു. ബംഗളൂരൂ മൈസൂർ എക്സ് പ്രസ് വേ വന്നതോടെ ഇതൊക്കെ മാറിയിട്ടുണ്ടെങ്കിലും മൈസൂർ കാണാത്തവർ ഇനിയും ഒരുപാടുണ്ട്. മൈസൂർ യാത്ര സ്വന്തമായി പ്ലാൻ ചെയ്ത് പോകാനാണ് ബുദ്ധിമുട്ടെങ്കിൽ കർണ്ണാടക ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ (കെഎസ്ടിഡിസി) ടൂർ പാക്കേജ് പ്രയോജനപ്പെടുത്താം. മൈസൂരിലെ പ്രധാന സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്ന ഈ പാക്കേജ് കുറഞ്ഞ ചെലവിൽ പോയി വരാൻ സഹായിക്കുന്നു.
കെഎസ്ടിഡിസി ബംഗളൂരൂ-മൈസൂർ സിറ്റി ടൂർ
ബംഗളൂരൂവില്‍ നിന്നും ആളുകളുടെ എണ്ണത്തിനനുസരിച്ച് കെഎസ്ടിഡിസി നടത്തുന്ന പാക്കേജാണ് ബംഗളൂരൂ-മൈസൂർ സിറ്റി ടൂർ. മൈസൂരിലെ പ്രധാന കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള യാത്ര എല്ലാ ദിവസവും പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ബംഗളൂരൂ-മൈസൂർ സിറ്റി ടൂർ
യശ്വന്തപൂർ ബിഎംടിസി ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ 7.00 മണിക്ക് യാത്ര ആരംഭിക്കും. ബിദാദിയിലെ കമ്മത്തിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് യാത്ര വീണ്ടും തുടരും. 11.00 മണിയോടെ ശ്രീരംഗപട്ടണയിൽ എത്തിച്ചേരും. നിമിഷാംബ ക്ഷേത്രം, രംഗനാഥ സ്വാമി ക്ഷേത്രം, ഗുംബൈസ് തുടങ്ങിയ സ്ഥലങ്ങൾ ഉച്ചയ്ക്കു മുന്നേ സന്ദർശിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മയൂര റിവർ വ്യൂ ഹോട്ടയിൽ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്. ടിപ്പു ദരിയ ദൗലത്ത് കോട്ട സന്ദർശനം, ഹോട്ടലിലെ മയൂര കാവേരിയിൽ ചെക്ക് ഇൻ, മൈസൂർ കൊട്ടാരം രാത്രിയിലെ അലങ്കാരം കാണൽ എന്നിവയാണ് ഈ ദിവസത്തെ മറ്റു കാഴ്ചകൾ. രണ്ടാം ദിവസം രാവിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചാമുണ്ഡി ഹിൽസ് കാണാനായി പോകും. തിരികെയിറങ്ങുന്ന വഴിയിൽ ജയചാമരാജേന്ദ്ര സൂ, അംബാ വിലാസ് കൊട്ടാരം എന്നിവ കാണും. ഉച്ചയ്ക്ക് ഹോട്ടൽ മയൂര ഹൊയ്സാലയിൽ നിന്ന് ഉച്ചഭക്ഷണം, കഴിച്ച് രണ്ടുമണിയോടെ സെന്‍റ് ഫിലോമിനാ ചര്‍ച്ച കാണും.
രണ്ടര മുതൽ മൂന്നര വരെ മൈസൂർ ഷോപ്പിങ്ങിന്‍റെ സമയമാണ്. ഇവിടുത്തെ മാർക്കറ്റുകളിലൂടെ നടന്ന് നിങ്ങൾക്കിഷ്ടമുള്ള സാധനങ്ങൾ വാങ്ങാം. നാല് മണിയോടെ യാത്ര പൂർത്തിയാക്കി മൈസൂരിൽ നിന്നിറങ്ങും. രാത്രി ഏഴ് മണിയോടെ തിരികെ ബംഗളൂരൂവില്‍ എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആഷാഡ മാസത്തിൽ മാത്രം വെള്ളിയാഴ്ചകളിൽ ചാമുണ്ഡി ഹിൽസ് പോകില്ല. കൂടാതെ മൈസൂർ മൃഗശാല എല്ലാ ചൊവ്വാഴ്ചകളിലും അടച്ചിടും എന്ന കാര്യങ്ങളും ശ്രദ്ധിക്കുക. ഈ യാത്രയ്ക്ക് ഡീസക്സ് എസി എമൗണ്ട് ആയി 1950 രൂപയാണ് ഈടാക്കുന്നത്. രാവിലെ 7.00 മണിക്ക് ബംഗളൂരൂവില്‍ നിന്നും യാത്ര ആരംഭിക്കും. എല്ലാ ദിവസവും യാത്ര ഉണ്ടായിരിക്കും. പോകാന്‍ താല്പര്യമുള്ളവർ മുൻകൂട്ടി അന്വേഷിച്ച് മാത്രം വരിക. ഫോൺ നമ്പർ: 080-43344334.