കോടമഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന കുടജാദ്രി. ആത്മീയതയും വിശുദ്ധിയും നിറഞ്ഞു നിൽക്കുന്ന തീര്‍ത്ഥാടന സ്ഥാനമായ കൊല്ലൂർ. രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ യാത്രാ പ്ലാൻ ചെയ്തു വരാൻ പറ്റിയ ഇടമാണ് കർണ്ണാടകയിലെ കുടജാദ്രി . കാടും കുളിരും മൂകാംബികയുടെ പരിശുദ്ധിയും ചേർന്നു നിൽക്കുന്ന ഇവിടേക്ക് ബാംഗ്ലൂരിൽ നിന്നൊരു യാത്ര പ്ലാൻ ചെയ്താലോ. ബാംഗ്ലൂരിൽ നിന്നും വാരാന്ത്യങ്ങളിലോ അവധികളിലോ ധൈര്യമായി വരാൻ പറ്റിയ സ്ഥലമാണ് കൊല്ലൂർ. രണ്ടു രാത്രിയും ഒരു പകലും മാത്രം മതി കുറഞ്ഞ ചെലവിൽ ബാംഗ്ലൂരിൽ നിന്നും കൊല്ലൂർ മൂകാംബിക ക്ഷേത്രവും കുടജാദ്രി ട്രെക്കിങ്ങും നടത്തുവാൻ. ഇതാ എങ്ങനെ ബാംഗ്ലൂർ – കൊല്ലൂർ യാത്ര പ്ലാൻ ചെയ്യാമെന്നു നോക്കാം.
ചെലവ് കുറഞ്ഞ കുടജാദ്രി യാത്രയ്ക്ക് കർണ്ണാടക കെഎസ്ആർടിസി ബസുകളെ ആശ്രയിക്കാം. മുരുഡേശ്വര്‍, കുന്ദാപുര തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബാംഗ്ലൂരിൽ നിന്നുള്ള ബസുകൾ കൊല്ലൂർ വഴിയാണ് കടന്നു പോകുന്നത്. ഏകദേശം 9 മണിക്കൂർ യാത്രയുണ്ടിത്. 699 നും 770 നും ഇടയിലാണ് ബാംഗ്ലൂർ – കൊല്ലൂർ യാത്രയ്ക്ക് കെഎസ്ആർടിസി ചാർജ് വരുന്നത്. രാവിലെ ഏകദേശം അഞ്ചര – ആറ് മണിയോടെ കൊല്ലൂരിലെത്തും. മൂകാംബിക ക്ഷേത്ര ദർശനവും കുടജാദ്രി ട്രെക്കിങ്ങുമാണ് ഒറ്റദിവസത്തെ യാത്രയിൽ നമ്മൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തായാണ് ബസ് ഇറങ്ങുന്നത്. രാവിലെ ബസിറങ്ങിയ ശേഷം ഒന്നു ഫ്രഷ് ആകണമെങ്കിൽ ഇവിടെ റൂം എടുക്കാം. ക്ഷേത്രത്തിനു കീഴിലുള്ള ഗസ്റ്റ് ഹൗസുകളിൽ വളരെ ചെറിയ തുകയ്ക്ക് റൂം ലഭിക്കും. റൂമിലെത്തി വിശ്രമിച്ച ശേഷം അത്യാവശ്യം വേണ്ട വെള്ളവും മറ്റും എടുത്ത് ഇറങ്ങാം.
ആദ്യം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകാം. പിന്നെ ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം ഇവിടുത്തെ ടാക്സി സ്റ്റാൻഡില് നിന്നും കുടജാദ്രിയിലേക്ക് പോകാം. കൊല്ലൂരിൽ നിന്ന് കുടജാദ്രിയിലേക്കും തിരികെയുമുള്ള യാത്രയും സർവ്വജ്ഞപീഠം കയറാനുള്ള യാത്രയും അടക്കം 6 മണിക്കൂര്‍ വരെ വേണ്ടി വരും. യാത്രയും മടക്കവും പ്രവേശനഫീസും അടക്കം 375 രൂപയാണ് ഒരാൾക്കുള്ള ചെലവ്. 38 കിലോമീറ്ററാണ് ദൂരം. കൊല്ലൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര കാടിനു നടുവിലൂടെയുള്ള വഴിയിലൂടെയാണ് പോകുന്നത്.
കുടജാദ്രി ജീപ്പ് യാത്രയിലെ ആകർഷണം ഈ ഓഫ്റോഡ് ആണ്. വെറും രണ്ട് കിലോമീറ്റർ ദൂരമേ ഉള്ളുവെങ്കിലും അതിനിടയിൽ വഴിയെന്ന് പറയാൻ ഒരു വഴിയില്ല. കല്ലും മണ്ണും നിറഞ്ഞു കിടക്കുന്ന ഇടത്തുകൂടെ വണ്ടി കയറ്റി അനായാസം പോകുന്നത് ഒരു അനുഭവം തന്നെയാണ്. മഴ പെയ്താൽ പിന്നെ ചെളി കുഴഞ്ഞുകിടക്കും വഴിയിൽ. പേടിച്ചിട്ട് വണ്ടിയിൽ ഇരിക്കാൻ പറ്റാതെ ഇറങ്ങി നടക്കാമെന്ന് വിചാരിച്ചാൽ അതും നടക്കില്ല. അങ്ങനെ ഈ യാത്രയ്ക്ക് അവസാനമായി. ഇവിടുന്ന് മുകളിലേക്ക് നടന്നു കയറണം. ഒന്നര മണിക്കൂർ സമയത്തിൽ പോയി വരണം. കല്ലും മണലും നിറഞ്ഞ വഴിയിലൂടെ ആദ്യം എത്തുന്നത് ആദി മൂകാംബിക ക്ഷേത്രത്തിലേക്കാണ്. ഇവിടുന്ന ഗണപതി ഗുഹ കണ്ട് സർവ്വജ്ഞ പീഠം വരെ പോയി വരാം. മഴയും മഞ്ഞും വന്നുപോകുന്ന യാത്രയാണിത്. ഒറ്റയടി പാതയും പുൽമേടും വിശാലമായ നടവഴിയും കടന്ന് വീണ്ടും ഒറ്റയടി പാതയിലെത്തും.
തിരിച്ചിറക്കും ചെറിയ കാര്യമല്ല. കയറിയ അത്രയും ദൂരം നടന്നുതന്നെ ഇറങ്ങണം. ജീപ്പിൽ കയറിയാൽ വന്നതിലും സാഹസികമായി മടങ്ങാം. ഇറക്കവും മഴയും എതിരെ വരുന്ന മറ്റു ജീപ്പുകളും ‘ചെറുതായി’ പേടിപ്പിക്കും. റോഡിലെത്തി കഴിഞ്ഞാൽ പിന്നെ പ്രകൃതി ആസ്വദിച്ച് കൊല്ലൂരിലെത്തുന്നത് അറിയില്ല. നേരെ റൂമിൽ പോയി കുറച്ച് നേരം വിശ്രമിക്കാം. പിന്നെ മെല്ലെ പുറത്തിറങ്ങി സൗപർണ്ണികയിൽ പോകാം. ഇവിടുത്തെ മറ്റു കാഴ്ചകൾ ഒക്കെ കാണാം. സമയം അനുവദിച്ചാൽ ക്ഷേത്രത്തിൽ ഒന്നുകൂടെ പോകാം കൊല്ലൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് തിരികെ രണ്ട് ബസുകളാണ് ഉള്ളത്. രാത്രി 7.00 മണിക്കും 9.00 മണിക്കും. ഒൻപതര മണിക്കൂർ യാത്രാ സമയമെടുക്കും. പിറ്റേന്ന് രാവിലെ ബാംഗ്ലൂരിൽ എത്താം.