ബംഗ്ലാദേശ്: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ബംഗ്ലാദേശ് പോലീസ് ഇന്റർപോളിനോട് അപേക്ഷ സമർപ്പിച്ചു. ആഭ്യന്തരയുദ്ധം ഉണ്ടാക്കാനും ഇടക്കാല ഭരണകൂടത്തെ പുറത്താക്കാനും ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് ഹസീനയ്ക്കും മറ്റ് 72 പേർക്കുമെതിരെ അടുത്തിടെ കേസ് ഫയൽ ചെയ്തു. കൂട്ടക്കൊല, അഴിമതി എന്നിവയുൾപ്പെടെ നൂറിലധികം കേസുകളാണ് ഹസീനയുടെ പേരിലുള്ളത്. കോടതികൾ, പബ്ലിക് പ്രോസിക്യൂട്ടര്‍മാർ, അന്വേഷണ ഏജന്‍സികൾ തുടങ്ങിയവരിൽ നിന്നുള്ള ആവശ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥൻ അന്തർദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിന്റെ ചീഫ് പ്രോസിക്യൂട്ടർ ഓഫീസ്, ഹസീനയെയും ഒളിച്ചോടിയവരായി കണക്കാക്കപ്പെടുന്ന മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുന്നതിന് ഇന്റർപോളിന്റെ സഹായം തേടണമെന്ന് പോലീസ് ആസ്ഥാനത്തോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിരുന്നു. 2024 ഓഗസ്റ്റിലാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തത്. അതിനുശേഷം അവർ ഇന്ത്യയിലാണ് താമസിക്കുന്നത്. തുടര്‍ന്ന് ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസിനെ നിയമിക്കുകയായിരുന്നു.