ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നീക്കത്തോട് സഹകരിക്കാതെ ബംഗ്ലാദേശ്. ഇന്ത്യ ചെയ്യുന്നത് തങ്ങളുടെ പരമാധികാരത്തിനോടുള്ള വെല്ലുവിളിയായാണ് ബംഗ്ലാദേശ് പ്രതികരിച്ചത്. ചൊവ്വാഴ്ച 67 അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് ഇന്ത്യ അയച്ചിരുന്നു. ഇതില്‍ 13 പേര്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചു. ഇവരെ തിരികെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ബിഎസ്എഫ് അനുവദിച്ചില്ല. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലുള്ള സീറോ ലൈന്‍ എന്ന് വിളിക്കുന്ന ഇടത്താണ് 13 പേരുമുള്ളത്. ഒരു യുവതിയും നവജാത ശിശുവും ഉൾപ്പെടെയുള്ളവരാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുടുങ്ങിയത്.
ബംഗാളിലെ കൂച്ച് ബെഹാറിലെ അതിര്‍ത്തി വഴിയാണ് ഇവരെ ഇന്ത്യ ബംഗ്ലാദേശിലേക്ക് അയച്ചത്. ഇതിന് നേരെ എതിര്‍വശത്ത് ബംഗ്ലാദേശിലെ ലാല്‍മോണിഹാര്‍ട്ട് എന്ന സ്ഥലമാണ്. നയതന്ത്ര നടപടികളില്‍കൂടി മാത്രമേ ആളുകളെ തിരികെ അയയ്ക്കാന്‍ പാടുള്ളുവെന്നാണ് ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുണ്ടെങ്കില്‍ അവരെ തിരികെ അയയ്ക്കണം. പക്ഷെ, അത് കൃത്യമായ നടപടികളില്‍ കൂടി വേണമെന്നും അല്ലാതെ ബലം പ്രയോഗിച്ച് രാജ്യത്തേക്ക് തള്ളിക്കയറ്റാന്‍ പറ്റില്ലെന്നും ബംഗ്ലാദേശ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 100 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെയാണ് ഇന്ത്യ പിടികൂടി തിരികെ അയച്ചത്. എന്നാല്‍ എണ്ണൂറോളം പേരെ ഇന്ത്യ തള്ളിക്കയറ്റിയെന്നാണ് ബംഗ്ലാദേശ് ആരോപിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പിടികൂടുന്ന ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെയും റോഹിന്‍ഗ്യന്‍ കുടിയേറ്റക്കാരെയും ഇന്ത്യ നാടുകടത്താനുള്ള ശ്രമത്തിലാണ്. നൂറുകണക്കിന് ആളുകളെയാണ് ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പിടികൂടിയിട്ടുള്ളത്. നയതന്ത്രതലത്തില്‍ വിഷയം കൈകാര്യം ചെയ്യണമെങ്കില്‍ അതിന് ബംഗ്ലാദേശിന്റെ സഹകരണവും ആവശ്യമാണ്. ഇന്ത്യ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ ബംഗ്ലാദേശ് അധികൃതര്‍ ഉദാസീനത പുലര്‍ത്തുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ 4096 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇതില്‍ മിക്ക സ്ഥലത്തും കൃത്യമായ അതിര്‍ത്തി വേലികളില്ല. അടുത്തിടെ ഇന്ത്യ അതിര്‍ത്തിയില്‍ വേലി നിര്‍മ്മിക്കുന്നത് ത്വരിതപ്പെടുത്തിയിരുന്നു. ജനുവരിയില്‍ വേലികെട്ടുന്നത് ബംഗ്ലാദേശ് അതിര്‍ത്തി സേന തടഞ്ഞത് വലിയ വിവാദമായിരുന്നു.